| Wednesday, 17th July 2024, 12:56 pm

ലോകകപ്പിലെ തീരാനഷ്ടം, അത് അംഗീകരിക്കാൻ എനിക്ക് രണ്ട് ദിവസങ്ങൾ വേണ്ടിവന്നു; അമേരിക്കൻ ക്യാപ്റ്റൻ

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കുട്ടിക്രിക്കറ്റിന്റെ രാജാക്കന്മാരായത്.

ഈ ലോകകപ്പില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിച്ച പ്രകടനമായിരുന്നു യു.എസ്.എ നടത്തിയിരുന്നത്. തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ മറിച്ചു കൊണ്ടാണ് അമേരിക്ക ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ആ ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായിട്ടാണ് യു.എസ്.എ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ കളിച്ചിരുന്നില്ല.

പട്ടേലിനു പകരം ആരോണ്‍ ജോണ്‍സ് ആയിരുന്നു ഇന്ത്യക്കെതിരെ അമേരിക്കന്‍ ടീമിനെ നയിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിരെയുള്ള മത്സരം നഷ്ടമായതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് യു.എസ്.എ ക്യാപ്റ്റന്‍.

‘ഞാന്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുന്നില്ലെന്ന് അംഗീകരിക്കാന്‍ എനിക്ക് രണ്ട് ദിവസം സമയം എടുക്കേണ്ടി വന്നു. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങള്‍ പ്രഖ്യാപിച്ച സമയം മുതല്‍ തന്നെയും കൂട്ടരേയും നേരിടാനുള്ള സാധ്യതകള്‍ ഞാന്‍ മുന്നില്‍ കണ്ടുകൊണ്ടിരുന്നു. എന്നാല്‍ ഈ മത്സരം നഷ്ടമായതോടെ എനിക്ക് മുറിയില്‍ ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വന്നു. ദേശീയ ഗാനങ്ങള്‍ക്കായി ടീമുകള്‍ കളിക്കളത്തില്‍ അണിനിരക്കുന്നത് ആ നിമിഷങ്ങള്‍ എല്ലാം എനിക്ക് നഷ്ടമായി. യു.എസ്.എ ക്യാപ്റ്റന്‍ എന്ന നിലയില്‍ ടോസിന്റെ സമയത്ത് പോകുന്ന അടക്കമുള്ള വലിയ നിമിഷങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടു,’ മൊനാങ്ക് പട്ടേലിനെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു അമേരിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 10 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മാറികടക്കുകയായിരുന്നു.

Content Highlight: Monak Patel talks about Big Missing Moment In T20 World Cup 2024

We use cookies to give you the best possible experience. Learn more