2024 ജോവന്‍ ഗാമ്പര്‍ ട്രോഫി സ്വന്തമാക്കി ഫ്രഞ്ച് ക്ലബ്ബ് മൊണോക്കൊ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് ക്ലബ്ബ് കിരീടം ചൂടിയത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് കറ്റാലന്‍മാര്‍ക്ക് ജോവന്‍ ഗാമ്പര്‍ ട്രോഫി നഷ്ടപ്പെടുന്നത്.
ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ ബാഴ്‌സലോണ അണിനിരന്നത്. മറുഭാഗത്ത് 4-4-2 എന്ന ഫോര്‍മേഷനായിരുന്നു ഫ്രഞ്ച് ക്ലബ്ബ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ഫ്ലിക്കിനും കൂട്ടര്‍ക്കും ഒരു അവസരവും നല്‍കാതെ മൊണോക്കൊ കളംനിറഞ്ഞു കളിക്കുകയായിരുന്നു.
മത്സരത്തിന്റെ 50ാം മിനിട്ടില്‍ ലാമിനെ കമാറയിലൂടെയാണ് ഫ്രഞ്ച് ഗോളടി മേളം തുടങ്ങിയത്. ഏഴ് മിനിട്ടുകള്‍ക്ക് ശേഷം ബ്രീല്‍ എമ്പോളോയിലൂടെ മൊണോക്കോ രണ്ടാം ഗോളും നേടി. ഒടുവില്‍ മത്സരത്തിന്റെ 86ാം മിനിട്ടില്‍ ക്രിസ്ത്യന്‍ മാവിസയിലൂടെ മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഫ്രഞ്ച് ക്ലബ് സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ 60 ശതമാനം ബോള്‍ പൊസഷനും ബാഴ്‌സലോണയുടെ അടുത്തായിരുന്നു. എന്നാല്‍ സ്‌കോര്‍ ലൈനില്‍ പേര് എഴുതിച്ചേര്‍ക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ക്ക് സാധിക്കാതെ പോവുകയായിരുന്നു.
12 ഷോട്ടുകളാണ് കറ്റാലന്മാര്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകള്‍ സ്പാനിഷ് പോസ്റ്റിലേക്ക് അടിച്ച മൊണോക്കോക്ക് നാലെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.
ലാ ലിഗയില്‍ ഓഗസ്റ്റ് 18ന് വലന്‍സിയക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. അന്നേ ദിവസം ലീഗ് വണില്‍ നടക്കുന്ന മത്സരത്തില്‍ സെയ്ന്റ് എറ്റിയെനാണ് മൊണോക്കോയുടെ എതിരാളികള്‍.
Content Highlight: Monaco Beat Barcelona in Joan Gamper Trophy 2024