‘അങ്ങോട്ടൊന്നും പോകേണ്ട, അതൊക്കെ അവിടെ നടക്കട്ടെ, ഇത് കഴിഞ്ഞ് വേറെ പണിയുണ്ട്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കൊക്കെ നമുക്ക് പിന്നെ പോകാം, ഇപ്പോള്‍ നിര്‍ത്താം,’ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നതിനെ പറ്റിയുള്ള ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ നടന്‍ മമ്മൂട്ടി പറഞ്ഞ മറുപടിയാണിത്.
കേരളത്തില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും നടത്തി വരുന്ന സമരം. സമരത്തെ പിന്തുണച്ച് അമല്‍ നീരദ്, ആഷിക് അബു, ജിയോ ബേബി, രാജീവ് രവി, ഷാഹബാസ് അമന്‍, മഹേഷ് നാരായണന്‍, വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ്. അങ്ങനെയൊരു വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്നും മമ്മൂട്ടി ഒഴിഞ്ഞുമാറിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില് വലിയ ചര്‍ച്ചയാവുകയാണ്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ നടക്കുന്ന സമരത്തെ പറ്റി ചോദ്യമുയര്‍ന്നത്. ഒരു വിഷയത്തില്‍ തന്റെ നിലപാട് പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിഷയത്തില്‍ മമ്മൂട്ടിക്ക് നിലപാട് പറയാം, പറയാതിരിക്കാം. എന്നാല്‍ അതിനോട് അദ്ദേഹം പ്രതികരിച്ച രീതി ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ചോദ്യം കേള്‍ക്കാന്‍ പോലും അദ്ദേഹം തയാറാകുന്നില്ല. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി ചോദ്യത്തെ തടസപ്പെടുത്തുന്നു.
വിഷയത്തിലുള്ള നടന്‍ പ്രകാശ് രാജിന്റെ പ്രതികരണത്തോട് മമ്മൂട്ടിയുടെ പ്രതികരണത്തെ താരതമ്യം ചെയ്തുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രകാശ് രാജിന് വിഷയമെന്താണെന്ന് പോലും അറിയില്ലായിരുന്നു. അത് വിശദീകരിച്ച് കൊടുത്ത ജോണ്‍ ബ്രിട്ടാസ് എം.പിയോട് നൊടിയിടയില്‍ അദ്ദേഹം ചോദിച്ചത് പിടിച്ച് പുറത്താക്കുകയാണ് വേണ്ടത്, എം.പിയായിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നാണ്. മമ്മൂട്ടിക്ക് ഈ വിഷയം അറിയില്ല എന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും തോന്നുന്നില്ല.
കേരളത്തിന് പുറത്ത് നിന്നും വരുന്ന പ്രകാശ് രാജിന് ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എന്നാല്‍ വിധേയനും മതിലുകളും നല്‍കിയ അടൂരിനെ തള്ളി പറയാന്‍ മമ്മൂട്ടിക്ക് അത്ര പെട്ടെന്ന് കഴിയില്ലായിരിക്കും. സിനിമയിലെ പട്ടേലരുടെ നേര്‍രൂപം ജീവിതത്തിലും പകര്‍ത്തിയാടുന്ന അടൂരിന്റെ തൊമ്മിയാവരുതേ എന്നാണ് സോഷ്യല്‍ മീഡിയ മമ്മൂട്ടിയോട് പറയുന്നത്. സമരത്തെ പറ്റിയും സമരം ചെയ്യുന്നവരെ പറ്റിയും അവഞ്ജയോടെ സംസാരിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ അടൂരിനെ പോലെയുള്ള പട്ടേലര്‍മാര്‍ക്ക് മമ്മൂട്ടിയെ പോലെയുള്ള ആളുകളുടെ മൗനം വളമാകുമെന്നും വിലയിരുത്തലുകളുണ്ട്.
ഇതിന് മുമ്പും മമ്മൂട്ടി ഇത്തരം വിഷയങ്ങളില്‍ നിലപാട് പറയുന്നത് കേട്ടിട്ടില്ല. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിലും അദ്ദേഹം ന്യൂട്രലായിട്ടാണ് നില്‍ക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. മമ്മൂട്ടിയെ ആരാധിക്കുന്ന വലിയ ജനസമൂഹത്തിന് നിരാശ പകരുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചില സന്ദര്‍ഭങ്ങളില്‍ ഇരകളെ നാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ തന്നെ മേഖലയിലേക്ക് നാളെ എത്തിപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ എത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉന്നയിച്ച പ്രശ്‌നത്തെയാണ് ഇത്രയും നിസാരഭാവത്തോടെ മമ്മൂട്ടി സമീപിച്ചതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാല്‍ വിഷയം പഠിച്ച് വേദിയില്‍ അഭിപ്രായം പറയുന്നത് പോലെ എളുപ്പമല്ല, ഒരു സിനിമയുടെ പ്രൊമോഷന് വന്നിരിക്കുമ്പോള്‍ പെട്ടെന്ന് വരുന്ന ചോദ്യത്തോട് പ്രതികരിക്കുന്നത് എന്നാണ് മമ്മൂട്ടിയെ പിന്തുണക്കുന്നവരുടെ പക്ഷം. പെട്ടെന്നുള്ള ചോദ്യത്തിനുള്ള സ്വഭാവികമായ പ്രതികരണത്തെ ഊതിവീര്‍പ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നും ഇവര്‍ പറയുന്നു. അഭിപ്രായം പറയാന്‍ താല്‍പര്യമില്ലാത്ത ആളോട് നിങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞാലെന്താണെന്ന് ചോദിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും മമ്മൂട്ടിയെ പിന്തുണക്കുന്നവര്‍ പറയുന്നു.
ഇങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും ഒരു കാര്യം ഉറപ്പാണ്. മമ്മൂട്ടിയെ പോലെ ഇത്രയും ജനസ്വാധീനമുള്ള താരം സമരത്തില്‍ ഒരു രാഷ്ട്രീയ നിലപാട് പറയുകയായിരുന്നെങ്കില്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കുമായിരുന്നു. മിനിമം വിദ്യാര്‍ത്ഥികളും തൊഴിലാളികളും നേരിട്ട വിവേചനത്തെ മുഖ്യധാരയുടെ പ്രധാന ചര്‍ച്ചാ വിഷയമാക്കാനെങ്കിലും മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് കഴിയുമായിരുന്നു.
Content Highlight: momootty’s response in kr narayanan institute issue became a discussion in social media