| Monday, 24th October 2022, 12:07 pm

പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നത് കൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്‌ഡേറ്റഡ് ആകുന്നത്

വിനായക് കെ.എ

‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര അപ്‌ഡേറ്റഡ് ?’

സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണിത്. എന്താണ് അതിനുള്ള ഉത്തരം..? പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നത് കൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്‌ഡേറ്റഡ് ആണെന്ന് പറയുന്നത്..?

മലയാള സിനിമ പുതിയ വഴിയിലേക്ക് മാറി ചിന്തിച്ചിട്ടുള്ള പല സന്ദര്‍ഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ ഉണ്ടായിട്ടുണ്ട്. അത് യവനികയില്‍ തുടങ്ങി ന്യൂ ഡല്‍ഹി, ബിഗ് ബി ഇപ്പോള്‍ റോഷാക്കില്‍ വരെ എത്തി നില്‍ക്കുന്നു.

പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇന്ററസ്റ്റിങ് ഫേസ് എന്താണെന്ന് കൊറോണക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളില്‍ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്.

പുതുമുഖ സംവിധായകര്‍ മാത്രമല്ല കാരണം, കാലത്തിനനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സിനിമകള്‍ മമ്മൂട്ടിയിലെ പ്രേക്ഷകന്‍ മനസിലാക്കുകയും അതുവഴി ഒരു പുതിയ സിനിമാ സംസ്‌കാരത്തിന് തുടക്കം കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ലൊരു പുതുമയും ഉണര്‍വും നല്‍കി ഇതെല്ലാം തന്നിലെ നടനെ പിഴിഞ്ഞെടുക്കാന്‍ പറ്റുന്ന അവസരവുമാണെന്നുള്ള ബോധ്യവും തിരിച്ചറിവുമാണ് മമ്മൂട്ടി എന്ന നടനെ ഇന്നും അപ്‌ഡേറ്റഡ് ആക്കി നിര്‍ത്തുന്നത്.

കൊറോണക്ക് ശേഷം ഇവിടുത്തെ സാധാരണ സിനിമ പ്രേമികളുടെ ആസ്വാദനത്തിലും സിനിമ കാണാനുള്ള തിരഞ്ഞെടുപ്പിലും വരെ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാ പ്രമുഖ ലോകസിനിമകളും ക്ലാസ്സിക്കുകളും സീരിസുകളും കണ്ട് ഒരുവിധം ഫിലിം എഡ്യൂക്കേഷന്‍ കിട്ടിയ ഫിലിം ലിറ്ററസി മെച്ചപ്പെടുത്തിയ പ്രേക്ഷകരാണ് ഇവിടെ ഉള്ള പലരും. അവരെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ 24 മണിക്കൂറും സിനിമ ശ്വസിച്ചു, ചിന്തിച്ചു കൊണ്ട് നടക്കുന്ന മമ്മൂട്ടി എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക?

ലോക്ഡൗണ്‍ സമയത്ത് പല പ്രമുഖ നടന്മാരും ഒ.ടി.ടിക്ക് വേണ്ടി ഓടി നടന്ന് പരിപ്പുവട സിനിമകള്‍ ചെയ്ത് കൊണ്ടിരുന്ന സമയം ഈ മനുഷ്യന്‍ എങ്ങനെ ആയിരിക്കും വിനിയോഗിച്ചിട്ടുണ്ടാവുക? എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങള്‍ വായിച്ചും ഇതുവരെയുള്ള തന്റെ കരിയറിന്റെ ഓരോ വിലയിരുത്തലുകള്‍ നടത്തിയും മറ്റും ആയിരിക്കില്ലേ ആ മനുഷ്യന്‍ നമ്മള്‍ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന അപ്‌ഡേഷനിലേക്ക് എത്തിയിട്ടുണ്ടാകുക.

അവിടെ മമ്മൂട്ടിക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു ഉപചാരകവൃന്തവും ഉണ്ടാവില്ല. അവിടെ അവസാന വാക്ക് എപ്പോഴും മമ്മൂട്ടിയുടെ തന്നെയായിരിക്കും എന്ന് തീര്‍ച്ചയാണ്!

പുതിയ കാലത്തില്‍ സ്റ്റാര്‍ഡം പ്രൊജക്ട് ചെയ്യുന്ന തരം സിനിമകള്‍ മാത്രം ചെയ്യാതെ ഒപ്പമുള്ള കഥാപാത്രങ്ങള്‍ക്ക് കൂടെ പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് കൊടുക്കുന്ന സിനിമകളാണ് മമ്മൂക്ക ഇപ്പോള്‍ കൂടുതല്‍ തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് കാണാം. നമ്മള്‍ പ്രതീക്ഷിക്കാത്ത അഭിനേതാക്കളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായ വിധം പെര്‍ഫോമന്‍സുകള്‍ ലഭിച്ചിട്ടുള്ളത് ഈ അടുത്ത് പുറത്തിറങ്ങിയതായ മമ്മൂട്ടി സിനിമകളിലാണ്.

അമല്‍ നീരദ്, രത്തീന, നിസ്സാം ബഷീര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ജിയോ ബേബി എന്നീ പ്രതിഭയുള്ള നവധാര സംവിധായകര്‍ക്ക് തന്റെ ഡേറ്റ് നല്‍കാന്‍ ശ്രമിക്കുമ്പോഴും കെ. മധുവിനും ബി. ഉണ്ണികൃഷ്ണനും തെലുഗ് സിനിമയ്ക്കും ഡേറ്റ് കൊടുക്കുന്നുണ്ട് മമ്മൂട്ടി.

അങ്ങിനെ നിലവിലെ എല്ലാത്തരം സിനിമാ ആസ്വാദകര്‍ക്കും തന്നിലെ നടനേയും താരത്തേയും അവൈലബിള്‍ ആക്കാനുള്ള ആഗ്രഹം കൊണ്ടുകൂടിയാവാം അത്. ‘Passionate’ എന്ന വാക്കിന് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടി ആവാന്‍ കാരണവും ഇതൊക്കെയാവാം.

കഴിഞ്ഞ ഒരു പ്രസ്സ് മീറ്റില്‍ ‘കുറച്ചു നാളായി സീരിയസ് റോളുകള്‍ മാത്രം ചെയ്യുന്ന മമ്മൂക്കയെ എന്നാണ് ഇനി ഒരു അടിപൊളി തമാശ സിനിമയില്‍ കാണാന്‍ പറ്റുക?’ എന്ന ഒരു യുവമാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ”നിങ്ങള്‍ അങ്ങനെ ഒരു പടം ആഗ്രഹിക്കുന്നുണ്ടോ..? നമുക്ക് നോക്കാം.” എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.

അതെ, കാണാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ എന്ത് മാജിക് കാണിക്കാനും അദ്ദേഹവും തയ്യാറാണ്.. അതാണ് ‘മെഗാനടന്‍’ മമ്മൂട്ടി!

Content Highlight: Mommoottys New Movies and His Uptaion For Cinema a Write up

വിനായക് കെ.എ

We use cookies to give you the best possible experience. Learn more