2024ലെ നേട്ടങ്ങള്‍ വെറും സാമ്പിള്‍, 2025 തുടക്കം തന്നെ കളറാക്കാന്‍ മോളിവുഡ്
Film News
2024ലെ നേട്ടങ്ങള്‍ വെറും സാമ്പിള്‍, 2025 തുടക്കം തന്നെ കളറാക്കാന്‍ മോളിവുഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 6:16 pm

മലയാളസിനിമക്ക് അഭിമാനിക്കാവുന്ന വര്‍ഷം തന്നെയാണ് 2024. കണ്ടന്റുകളുടെ വൈവിധ്യം കൊണ്ടും ബോക്‌സ് ഓഫീസ് പ്രകടനം കൊണ്ടും മലയാളിസിനിമ തിളങ്ങിയ വര്‍ഷമായിരുന്നു ഇത്. അഞ്ച് ചിത്രങ്ങളാണ് ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. പ്രേമലു, ആടുജീവിതം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതിനൊപ്പം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇവക്ക് പുറമെ ഭ്രമയുഗം, ആട്ടം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാവുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം തുടക്കം തന്നെ മറ്റ് ഇന്‍ഡസ്ട്രികളെ ഞെട്ടിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ, ആസിഫ് അലി, ബേസില്‍ എന്നിവരുടെ ചിത്രങ്ങളാണ് ജനുവരി റിലീസായി ഒരുങ്ങുന്നത്.

അന്വേഷിപ്പിന്‍ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ നായകനാകുന്ന ചിത്രമാണ് ഐഡന്റിറ്റി. ഫോറന്‍സിക് അണിയിച്ചൊരുക്കിയ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ഴോണറായാണ് ഒരുങ്ങുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ടൊവിനോക്ക് പുറമെ തമിഴ് താരങ്ങളായ തൃഷ, വിനയ് റായ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

കഴിഞ്ഞ വര്‍ഷത്തെ അതേ സ്ട്രീക്ക് നിലനിര്‍ത്താന്‍ ആസിഫ് അലിയും ഒരുങ്ങുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വന്‍ വിജയത്തിന് ശേഷം ആസിഫ് നായകനാകുന്ന രേഖാചിത്രവും ജനുവരിയില്‍ റിലീസ് ചെയ്യും. 80കളില്‍ മലയാളത്തിലെ ഒരു സിനിമാസെറ്റില്‍ നടന്ന ക്രൈം ഇന്നത്തെ കാലത്ത് അന്വേഷിക്കുന്നതാണ് രേഖാചിത്രത്തിന്റെ കഥ. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക.

സൗദി വെള്ളക്കക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ആണ് ജനുവരി റിലീസുകളിലെ കൊമ്പന്‍. ഏറെക്കാലത്തിന് ശേഷം ഫീല്‍ഗുഡ് ചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് തുടരും എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം. മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

നവാഗതനായ സൂരജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രാവിന്‍കൂട് ഷാപ്പാണ് ജനുവരി റിലീസുകളിലെ മറ്റൊരു പ്രധാനചിത്രം. ആവേശത്തിന് ശേഷം അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സും ജനുവരി റിലീസിനാണ് ഒരുങ്ങുന്നത്. കോമഡി ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിനീത്, ആദം സാബിക് തുടങ്ങിയവര്‍ അണിനിരക്കുന്നു. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം. ഈ വര്‍ഷത്തെ വിജയങ്ങളുടെ തുടര്‍ച്ച അടുത്ത വര്‍ഷവും തുടരുമെന്നാണ് കരുതുന്നത്.

Content Highlight: Mollywood’s January release of 2025