| Saturday, 13th April 2024, 9:37 am

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ്, പി.വി.ആറുമായുള്ള പ്രശ്‌നത്തില്‍ പ്രതിസന്ധിയിലായി മലയാളസിനിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഗംഭീരകുതിപ്പാണ് ഈ വര്‍ഷം മലയാളസിനിമ നടത്തുന്നത്. നാല് മാസത്തിനുള്ളില്‍ രണ്ട് 100 കോടി ചിത്രങ്ങളും ഒരു 200കോടി ചിത്രവുമായി മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ മികച്ചു നില്‍ക്കുന്ന മലയാളസിനിമയെയാണ് കാണാന്‍ സാധിക്കുന്നത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളിലൂടെ കേരളത്തിന് പുറത്തും മലയാളസിനിമ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ആടുജീവിതവും മികച്ച പ്രതികരണം നേടിയതോടെ മലയാളസിനിമയുടെ പീക്ക് ലെവലിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. ഈദ്-വിഷു റിലീസുകളായി വന്ന വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവും വന്നതോടുകൂടി ഇന്‍ഡസ്ട്രിയുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ പുറത്തുകാണിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ ഈ കുതിപ്പിന് വന്ന ഒരു അടിയാണ് മള്‍ട്ടിപ്ലെക്‌സ് ഭീമന്മാരായ പി.വി.ആര്‍ ഐനോക്‌സും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം. കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം പി.വി.ആര്‍ ഐനോക്‌സ് മലയാളസിനിമകളെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. കേരളത്തിന് പുറത്ത് മലയാളസിനിമയുടെ കളക്ഷനെ ഇത് സാരമായി ബാധിക്കുകയാണ്. പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനിച്ചതിന് പിന്നാലെ, മുമ്പ് റിലീസായ സിനിമകളും പി.വി.ആര്‍ പിന്‍വലിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളാണ് പിന്‍വലിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള മുഴുവന്‍ ഫീസും മുന്‍കൂട്ടി വാങ്ങിയ ശേഷമാണ് ഒരു നോട്ടീസ് പോലും നല്‍കാതെ പിന്‍വലിച്ചത്. ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി ഇതിനെതിരെ ശക്തമായി അപലപിച്ചു. ഈ ബഹിഷ്‌കരണം കാരണം ദിവസവും ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബ്ലെസി അഭിപ്രായപ്പെട്ടു. ഇത്തരം കാടന്‍ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

സിനിമ പ്രൊജക്ഷന്‍ ചെയ്യുന്നതിനുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായുള്ള തര്‍ക്കമാണ് സിനിമാ ബഹിഷ്‌കരണത്തിലേക്ക് നയിച്ചത്. പി.വി.ആര്‍ നിര്‍ദ്ദേശിക്കുന്ന വി.പി.എഫ് യൂണിറ്റ് വഴി മാത്രമേ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുള്ളൂ എന്ന നിബന്ധന തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷനും, ഒരു സംഘടനക്ക് വേണ്ടി മാത്രം ഇന്ത്യ മുഴുവന്‍ തങ്ങള്‍ പാലിക്കുന്ന നിയമം മാറ്റാന്‍ കഴിയില്ലെന്ന് പി.വി.ആര്‍ മാനേജ്‌മെന്റും അറിയിച്ചതോടെ പ്രതിസന്ധിയിലായത് മലയാളസിനിമയാണ്.

കേരളത്തിന് പുറത്തുള്ള മലയാളസിനിമാ പ്രേമികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇത്തരമൊരു പ്രശ്‌നം വന്നത് വലിയൊരു തിരിച്ചടിയാണ്.

Content Highlight: Mollywood in trouble after PVR Inox stopped screening malayalam cinema

We use cookies to give you the best possible experience. Learn more