| Sunday, 6th June 2021, 12:24 pm

തീയാണവള്‍, പോരാളിയായ രാജകുമാരി; ഭാവനയ്ക്ക് ജന്മദിനാശംസകളുമായി മലയാള സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഭാവനയുടെ ജന്മദിനത്തില്‍ നടിയുടെ വ്യക്തിത്വത്തെയും ധീരതയെയും അഭിനന്ദിക്കുന്ന ആശംസകളുമായി മലയാള സിനിമാലോകം. പോരാളിയായ രാജകുമാരിയെന്നാണു ഭാവനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു ഗായിക സയനോര ഫിലിപ്പ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

തീ തന്നെയാണ് അവളെന്നും ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സയനോര പറഞ്ഞു.

സംവിധായക ഗീതു മോഹന്‍ദാസും ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. നട്ടെല്ലാണ് ഒരാള്‍ക്ക് വേണ്ടതെന്ന് പറഞ്ഞ ഗീതു പെണ്‍കടുവയെന്നാണ് ഭാവനയെ വിശേഷിപ്പിച്ചത്.

നേരത്തെ മഞ്ജു വാര്യരും ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിരുന്നു. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണു മഞ്ജു ആശംസയറിച്ചിരിക്കുന്നത്. ഒരൊറ്റ വാചകത്തിലൂടെ ഭാവനയോടുള്ള സ്നേഹവും അടുപ്പവുമെല്ലാം മഞ്ജു പറഞ്ഞുവെച്ചിട്ടുമുണ്ട്.

‘ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍, എന്നെന്നും നിന്നെ സ്നേഹിക്കുന്നു,’ എന്നാണു മഞ്ജുവിന്റെ ജന്മദിനാശംസ. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്കെത്തുന്നത്. പതിനാറാം വയസില്‍ മലയാള സിനിമയിലെത്തിയ ഭാവനക്ക്, നമ്മളിന്റെ വിജയത്തിന് പിന്നാലെ നിരവധി അവസരങ്ങള്‍ ലഭിച്ചു. അതേ വര്‍ഷമിറങ്ങിയ തിളക്കം, ക്രോണിക് ബാച്ചിലര്‍, സി.ഐ.ഡി മൂസ എന്നീ ഹിറ്റ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി ഭാവന എത്തി.

നമ്മളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ഭാവന കരസ്ഥമാക്കി. ദൈവനാമത്തില്‍ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും ഭാവന നേടയിട്ടുണ്ട്.

തമിഴിലും കന്നടയിലും വിവിധ ചിത്രങ്ങളില്‍ നായികയായ ഭാവന ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ്. ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നട ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാവന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mollywood actors wishes Bhavana on her birthday

We use cookies to give you the best possible experience. Learn more