Entertainment news
ഷൂട്ടിങ് കഴിഞ്ഞ് ഏറ്റവും അവസാനമാണ് ഞാനീ ചോദ്യം ചോദിക്കാറ്; അത് കേള്‍ക്കുമ്പോള്‍ സംവിധായകന് ഞെട്ടലാണ്: മോളി കണ്ണമാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 23, 09:20 am
Sunday, 23rd October 2022, 2:50 pm

മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ശേഷം ഇപ്പോള്‍ ഹോളിവുഡിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി മോളി കണ്ണമാലി. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ്. കെ.മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ടുമോറോ’ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കാനിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ആളുകള്‍ വിളിക്കുന്ന സമയത്ത് സിനിമയുടെ പേരെന്താണെന്നോ കഥയെന്താണെന്നോ സംവിധായകന്‍ ആരാണെന്നോ താന്‍ ചോദിക്കാറുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോളി കണ്ണമാലി.

”സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എന്നെ ആളുകള്‍ ഫോണില്‍ വിളിക്കും. മോളിചേച്ചീ, ഒരു സിനിമയുണ്ട്, വരാന്‍ പറ്റുമോ എന്ന് ചോദിക്കും. പിന്നെ ബാക്കിയുള്ള കാര്യങ്ങള്‍ സംസാരിക്കും, തീരുമാനിക്കും, ഡേറ്റ് കൊടുക്കും.

എന്നാല്‍ പടത്തിന്റെ പേരെന്താണ്, ആരാണ് ഡയറക്ടര്‍, കഥയെന്താണ് എന്നൊന്നും ഞാന്‍ ചോദിക്കാറില്ല. ഷൂട്ട് തുടങ്ങാന്‍ നേരത്താണ് ഡയറക്ടര്‍ ആരാണെന്ന് ചോദിക്കുക.

സംവിധായകനോട് സംസാരിച്ചാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്ന് കിട്ടും നമ്മുടെ കഥാപാത്രത്തെ പറ്റി, അല്ലാതെ കഥ അറിഞ്ഞിട്ടല്ല അവിടെ അഭിനയിക്കേണ്ടത്.

എന്തുണ്ടെങ്കിലും, അത് ഇത്തിരിയാണെങ്കിലും അത് നമ്മുടെ മനസില്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞാല്‍ പിന്നെ അത് നമ്മള്‍ മനസിലിട്ട് അങ്ങനെ റോള് ചെയ്യും. ഇച്ചിരികൂടി മെച്ചപ്പെടുത്തി ഇത് എങ്ങനെ അഭിനയിക്കാനാകും എന്നാണ് ചിന്തിക്കുക.

കറക്ടായി ക്യാമറയുടെ മുന്നില്‍ വന്ന് അഭിനയിച്ച് വെച്ച് സലാം പറഞ്ഞ് തിരിച്ച് പോകുകയും ചെയ്യും. എന്റെ പണി അതാണ്.

ഇതെല്ലാം കഴിയുമ്പോള്‍ ‘അല്ല സാറേ ഈ സിനിമയുടെ പേരെന്താണ്, എങ്ങനെയുണ്ട്, അടിപൊളിയല്ലേ’ എന്ന് സംവിധായകനോട് ചോദിക്കും. ഏറ്റവും അവസാനം ചോദിക്കുന്ന ചോദ്യമതാണ്.

നല്ല ആളാ, ഇത്രയും നേരം അഭിനയിച്ചിട്ടാണ് സിനിമയുടെ പേരെന്താണെന്ന് ചോദിക്കുന്നത്, എന്ന് പറയും. അല്ല എന്റെ പരിപാടി കഴിഞ്ഞല്ലോ, ഇനി സിനിമയുടെ പേര് അറിഞ്ഞാല്‍ വീട്ടില്‍ പോകാല്ലോ, അതാണ് ഞാന്‍ ചെയ്യാറ്” മോളി കണ്ണമാലി പറഞ്ഞു.

ഒറ്റ ടേക്കില്‍ സീന്‍ ഓക്കെയാക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നും ആക്ഷന്‍ കട്ട് എന്നൊക്കെ സംവിധായകര്‍ പറയുന്നത് ഇഷ്ടമല്ലെന്നും നടി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ഒരനുഭവവും ഇവര്‍ ഇതോടൊപ്പം പങ്കുവെക്കുന്നുണ്ട്.

”അഭിനയിക്കുമ്പോള്‍ 16 കട്ടൊന്നും ഞാന്‍ പറയിപ്പിക്കാറില്ല, അതെനിക്ക് ഇഷ്ടമല്ല. പക്ഷെ, സത്യന്‍ അന്തിക്കാട് പറയും. ഒരുമാതിരിപ്പെട്ട ഒരു മനുഷ്യരും ആക്ഷന്‍ ക്യാമറ കട്ട് പറഞ്ഞിട്ടില്ല. ഞാന്‍ സത്യന്‍ അന്തിക്കാടിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ദേ സാറേ, കാര്യമെല്ലാം കൊള്ളാം. ഉള്ളതെല്ലാം പെറുക്കിയെടുത്ത് അങ്ങ് കയ്യിലേട്ട് തരും. ഈ ആക്ഷന്‍ ക്യാമറ കട്ടൊന്നും എന്നോട് പറയരുത് കേട്ടോ, എന്ന്. നമുക്കിതൊന്നും അറിയില്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞ് പോയതാണ്,” നടി കൂട്ടിച്ചേര്‍ത്തു.

Content Highlight: Molly Kannamaly talks about her acting style