പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും, അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ: മോളി കണ്ണമാലി
Film News
പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും, അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ: മോളി കണ്ണമാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 11:19 pm

തമാശ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ കലാകാരിയാണ് മോളി കണ്ണമാലി. ഇതുവരെ മോളി ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു അമര്‍ അക്ബര്‍ ആന്തണിയിലെ അമ്മച്ചി. ഇതിലെ പൃഥ്വിരാജിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയിലെ പൃഥ്വിരാജിനൊപ്പമുള്ള അനുഭവങ്ങളെ പറ്റി പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോളി കണ്ണമാലി.

‘പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും. അവന് അത്ര സ്‌നേഹമാണ് എന്നോട്. അവന്‍ എയര്‍ പിടിച്ച് വരുമ്പോഴേ ഞാന്‍ അവന്റെ എയര്‍ കുറച്ച് കൊടുക്കും. അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോള്‍ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്, ചെന്ന് കേറി പെട്ടേക്കല്ലെന്ന്. എയര്‍ കുറച്ചേരെന്ന് പറയും. അതുകൊണ്ട് എയര്‍ കുറച്ചേ പോവുകയുള്ളൂ.

ആ സമയത്ത് ജയസൂര്യയൊക്കെ അങ്ങനെയല്ല. നല്ല കമ്പനിയാ. പൃഥ്വിരാജ് എയര്‍ പിടിച്ച് വരുമ്പോള്‍ തന്നെ എന്താണ്ടാ, ഇത് കൊച്ചി എന്ന് ഞാന്‍ പറയും. അപ്പോള്‍ തന്നെ എന്റെ തള്ളേ എന്നെ വിട്ടേക്ക് എന്ന് പറയും. നല്ല മൈന്‍ഡാണ്, ജോളിയാണ്. നമ്മുടടുത്തും ഒന്നുമില്ല, നമ്മളങ്ങോട്ടുമില്ല,’ മോളി പറഞ്ഞു.

‘ഇതുവരെ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം പുതിയ തീരം സിനിമയിലേതാണ്. നമ്മുടെ കടപ്പുറവും, നമ്മുടെ ജീവിതവും എല്ലാം ഇതുവരെ സിനിമയായി എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. കാരണം നമ്മുടെ ജീവിതം അതായിരുന്നു. കോസ്റ്റിയൂം മാത്രമേ അതിലൊരു വ്യത്യാസമുള്ളൂ. ബാക്കിയെല്ലാം നമ്മുടെ കടപ്പുറമൊക്കെ തന്നെയാണ്,’ മോളി കൂട്ടിച്ചേര്‍ത്തു.

അതേസമയം മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ടുമാറോ എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

Content Highlight: moli kannamali about her experience with prithviraj in the set of amar akbar anthony