| Wednesday, 8th January 2025, 8:10 am

ബാലഗോകുലം പരിപാടിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകന്‍ റിമാന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ബാലഗോകുലം പരിപാടിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനും ബാലഗോകുലം കുമാരനല്ലൂര്‍ മേഖല കമ്മിറ്റി അംഗവുമായ മങ്ങാട്ട്പറമ്പില്‍ യദുകൃഷ്ണന്‍ റിമാന്റില്‍. പോക്‌സോ വകുപ്പ് പ്രകാരം ഗാന്ധിനഗര്‍ പോലീസെടുത്ത കേസിലാണ് നടപടി. ദേശാഭിമാനി ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2024 ജൂലെ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലഗോകുലത്തിന്റെ പരിപാടിക്കെത്തിയ പെണ്‍കുട്ടിയെ പരിപാടി കഴിഞ്ഞ മടങ്ങുമ്പോള്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതി തന്റെ ഇരുചക്രവാഹനത്തില്‍ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുമാരനല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് പ്രതി പെണ്‍കുട്ടിയെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുപോയത്.

പിന്നീട് പെണ്‍കുട്ടി പഠനാവശ്യത്തിനായി ബെംഗളൂരുവിലേക്ക് പോയിരുന്നു. അവിടെ വെച്ച് പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലങ്ങില്‍ പെണ്‍കുട്ടി താന്‍ പീഡിനത്തിനിരയായ വിവരവും പ്രതിയുടെ പേരും വെളിപ്പെടുത്തി.

പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.

content highlights: molested a minor who attended the Balagokulam event; BJP worker remanded

We use cookies to give you the best possible experience. Learn more