ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിലെ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ നായകന്‍ മൊയിന്‍ ഖാന്‍. ആദ്യ 10 ഓവറില്‍ ശ്രീലങ്കയുടെ പകുതി വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബാബര്‍ അസം കൂടുതല്‍ ആക്രമിക്കണമായിരുന്നുവെന്ന് മോയിന്‍ ചൂണ്ടിക്കാട്ടി.
ശ്രീലങ്കന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ഫീല്‍ഡിങ് സജ്ജീകരിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടുവെന്നും ശ്രീലങ്കക്കെതിരെ നേരത്തെ തന്നെ പദ്ധതിയിട്ട് സ്‌ട്രൈക്ക് ബൗളര്‍മാരെ ഉപയോഗിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വിക്കറ്റ് നഷ്ടമായതിന് ശ്രീലങ്ക തിരിച്ചെത്തിയ രീതിയും രജപക്‌സെയുടെ പ്രകടനവും പ്രശംസനീയമായണെന്നും അവര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും മോയിന്‍ പറഞ്ഞു.
‘പാര്‍ട്ട് ടൈം ബൗളറിലൂടെ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ അവര്‍ ബാബറിനെ പിന്തുണയ്ക്കുകയും ഒരു സ്ലിപ്പ് സൂക്ഷിക്കുകയും ചെയ്യണമായിരുന്നെന്ന് ഞാന്‍ കരുതുന്നു. റാഷിദ് ലത്തീഫ് പറഞ്ഞതുപോലെ ബാബര്‍ തന്റെ സ്ട്രൈക്ക് ബൗളറെക്കൊണ്ട് പന്തെറിയിക്കണമായിരുന്നു. നിങ്ങളൊരു ടീമിനെ നയിക്കുമ്പോള്‍ ഇതാണ് സാമാന്യബുദ്ധി,’ മോയിന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മുന്‍ പാക് താരം ഷോയ്ബ് അക്തറും പാക് ടീമിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. പാകിസ്ഥാന്റെ ബാറ്റിങ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ടീം പല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഷോയ്ബ് പറഞ്ഞത്. ഫഖര്‍, ഇഫ്തിഖര്‍, കുഷ്ദില്‍ എന്നിവരെയെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും റിസ്‌വാന്റെ 50 പന്തില്‍ 50 റണ്‍സ് ട്വന്റി-20യില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും അത് പാകിസ്ഥാന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാ കപ്പ് ഫൈനലിന് ശേഷം പല കോണുകളില്‍ നിന്നാണ് പാക് താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. പരിഹസിച്ചവര്‍ക്കെതിരെ തക്ക മറുപടിയുമായി പാകിസ്ഥാന്‍ ടീമിന്റെ പരിശീലകന്‍ സഖലൈന്‍ മുശ്താഖ് രംഗത്ത് വന്നിരുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് പുറത്തിരുന്ന് അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും ടീമിന്റെ ഭാഗമാകുമ്പോഴേ ബുദ്ധിമുട്ടുകള്‍ മനസിലാകൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ശ്രീലങ്കയുടെ ആറാം ഏഷ്യാ കപ്പ് വിജയമാണിത്. ഇന്ത്യ ഏഴ് തവണ കോണ്ടിനെന്റല്‍ ഇവന്റില്‍ വിജയിച്ചപ്പോള്‍ പാകിസ്ഥാന്‍ രണ്ട് തവണ ജേതാക്കളായിരുന്നു. ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക കിരീടം നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക് 147 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്.