ഇതുകൊണ്ടൊക്കെയാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്; കാരണം എണ്ണിയെണ്ണി പറഞ്ഞ് മുന്‍ സൂപ്പര്‍ താരം
icc world cup
ഇതുകൊണ്ടൊക്കെയാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്; കാരണം എണ്ണിയെണ്ണി പറഞ്ഞ് മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th October 2023, 11:35 pm

ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് പാകിസ്ഥാന്‍. ആദ്യ രണ്ട് മത്സരത്തില്‍ വിജയിച്ച പാകിസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയോട് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

പാകിസ്ഥാന്‍ 42.5 ഓവറില്‍ നേടിയ 191 റണ്‍സ് ഇന്ത്യ വെറും 30.3 ഓവറില്‍ മറികടന്നിരുന്നു. രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

നിലവില്‍ പാക് ടീമിന്റെ മോശം പ്രകടനത്തിന് കാരണം താരങ്ങളും പരിശീലകരും തമ്മിലുള്ള ആശയവിനമയത്തിലെ പോരായ്മയും മോശം ഫിറ്റ്നെസുമാണെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരം മൊയിന്‍ ഖാന്‍. 1990 മുതല്‍ 2004 വരെ പാകിസ്ഥാന്റെ വിക്കറ്റ് കീപ്പറും ബാറ്ററുമായിരുന്നു മൊയിന്‍ ഖാന്‍.

‘എന്റെ അഭിപ്രായത്തില്‍ ടീമില്‍ ഒരു ആശയവിനിമയത്തിന്റെ വിടവുണ്ട്. കാരണം കോച്ചിങ് സ്റ്റാഫില്‍ ഭൂരിഭാഗവും ഇംഗ്ലീഷാണ് സംസാരിക്കുന്നത്.

കോച്ചും മറ്റ് പരിശീലകരും താരങ്ങളും പരസ്പരം വ്യക്തമായ ആശയവിനിമയം ഇല്ലാത്തതും താരങ്ങളുടെ ഫിറ്റ്നെസ് കുറവും ടീമിന്റെ പ്രകടനത്തെയും മത്സരഫലത്തെയും ബാധിക്കുന്നു,” ഖാന്‍ എ സ്പോര്‍ട്സിനോട് പറഞ്ഞു.

ലോകകപ്പിലെ വമ്പന്‍ പരാജയത്തിന് പുറമെ ഏഷ്യാ കപ്പിലും പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 228 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയ എട്ട് കളിയും ഇന്ത്യയാണ്് ജയിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ കോച്ചിങ് സ്റ്റാഫായ മിക്കി ആര്‍തര്‍ പാക് ടീം ഡയറക്ടറും ആന്‍ഡ്രൂ പുടിക്, മോണി മോര്‍ക്കല്‍ എന്നിവര്‍ യഥാക്രമം ബാറ്റിങ് കോച്ചും ബൗളിങ് കോച്ചുമാണ്.

കുടാതെ മുഖ്യ പരിശീലകന്റെ റോളിലുള്ളത് ലോകകപ്പ് ചാമ്പ്യന്‍മാരെ വാര്‍ത്തെടുത്ത ന്യൂസിലാന്റുകാരനായ ഗ്രാന്റ് ബ്രാഡ്ബേണുമാണ്.

ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍.

 

Content Highlight: Moin Khan about Pakistan team’s  losing