എന്നേ വിട്ടേക്ക്, ഞാനില്ല ഈ കളിക്ക്; വീണ്ടും വിരമിച്ച് മോയിന്‍ അലി
Sports
എന്നേ വിട്ടേക്ക്, ഞാനില്ല ഈ കളിക്ക്; വീണ്ടും വിരമിച്ച് മോയിന്‍ അലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 6:13 pm

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമതയും ശേഷിയും തന്നില്‍ അവശേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോയിന്‍ അലി വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2021 സെപ്റ്റംബറില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മോയിന്‍ അലി പിന്നീട് തിരിച്ചുവരുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് അറിയിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും തനിക്ക് മികച്ച പെര്‍ഫോമന്‍സ് കണ്ടെത്താനാകുന്നില്ലെന്നായിരുന്നു വിരമിക്കുന്നതിന് കാരണമായി മോയിന്‍ പറഞ്ഞത്.

എന്നാല്‍ ഈ മെയ് മാസത്തില്‍ ന്യൂസിലാന്‍ഡ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചായി എത്തിയതിന് പിന്നാലെ, മോയിനെ തിരിച്ചുവിളിക്കുകയായിരുന്നു. ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ബെന്‍ സ്‌റ്റോക്കിന്റെയും കീഴിലുള്ള ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ തല്‍പരനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ തനിക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും ആ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും മോയിന്‍ അലി പറഞ്ഞിരുന്നു. പാകിസ്ഥാനുമായി ഡിസംബറില്‍ നടക്കാനിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്രണ്ടന്‍ മക്കല്ലം മോയിനെ തിരിച്ചുവിളിച്ചത്.

എന്നാല്‍ ഇപ്പോള്‍ അത്തരം സാധ്യതകളെ കുറിച്ച് താന്‍ ആലോചിക്കുന്നേയില്ലെന്നാണ് മോയിന്‍ പറയുന്നത്. ഡെയ്‌ലി മെയിലില്‍ എഴുതുന്ന പംക്തിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രണ്ടന്‍ മക്കല്ലവുമായി ഏറെ നേരം സംസാരിച്ചെന്നും അതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും മോയിന്‍ എഴുത്തില്‍ പറയുന്നുണ്ട്. പാകിസ്ഥാന്‍ പരമ്പരക്ക് താനുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

‘എനിക്ക് ഇനിയും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുള്ള മേഖലയല്ല അത്(ടെസ്റ്റ് ക്രിക്കറ്റ്). ബാസുമായി(മക്കല്ലം) ഞാന്‍ ഒരു തുറന്നസംഭാഷണം തന്നെ നടത്തി. ഏതെങ്കിലും ഒരു ഹോട്ടല്‍ മുറിയില്‍ ഇനിയും ഒരു മാസം കൂടി കുത്തിയിരിക്കാനും പിന്നീട് നന്നായി കളിക്കാനും ഇനി എനിക്കാകുമെന്ന് തോന്നുന്നില്ല. സോറി. എനിക്കെല്ലാം മതിയായി എന്ന് ഞാന്‍ ബാസിനോട് പറഞ്ഞു. അദ്ദേഹത്തിന് അത് മനസിലായി.

ഇപ്പോഴുള്ള പിള്ളേരുടെ കളി കാണുമ്പോഴൊക്കെ എനിക്ക് തോന്നും ഇങ്ങനെയാണ് ശരിക്കും കളിക്കേണ്ടതെന്ന്. അങ്ങനെ കളിക്കാന്‍ എനിക്ക് വലിയ ആഗ്രഹവും തോന്നാറുണ്ട്. അതേ കുറിച്ച് ഞാന്‍ അടുപ്പമുള്ളവരോട് സംസാരിച്ചിരുന്നു.

പക്ഷെ സത്യം പറഞ്ഞാല്‍ ഇനിയെനിക്ക് അതിന് സാധിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് നല്ല പ്രയാസമേറിയ പണിയാണ്. എനിക്കാണെങ്കില്‍ 35 വയസുമായി. എനിക്ക് ഇനിയും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കണമെന്നുണ്ട്. വെറുതെ ചില ആഗ്രഹങ്ങളുടെ പുറത്ത് എന്റെ തീരുമാനം മാറ്റി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വന്നാല്‍ അവസാനം വിചാരിച്ച പോലെ കളിക്കാനാകാതെ ഞാന്‍ കുടുങ്ങിപ്പോകും.

അതുകൊണ്ട് എന്റെ കരിയറിലെ ആ അധ്യായം എന്നന്നേക്കുമായി അടക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി 64 ടെസ്റ്റുകള്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായിരുന്നു. എന്റെ സ്വപ്‌നങ്ങളെല്ലാം അതിലൂടെ തന്നെ പൂര്‍ത്തിയായി,’ മോയിന്‍ അലി കുറിപ്പില്‍ പറയുന്നു.

Content Highlight: Moeen Ali retires from England Test team again