മത്സരത്തിന്റെ 28ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് വില്യമാണ് ശ്രീനിധിയുടെ ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ 39ാം മിനിട്ടില്‍ കമിങ്‌സിലൂടെ മോഹന്‍ ബഗാന്‍ മറുപടി ഗോള്‍ നേടി. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ കൂടുതല്‍ ആവേശകരമായി മാറി. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തുകയുണ്ടായി. ഒടുവില്‍ 71ാം മിനിട്ടില്‍ സാദിക്കുവിലൂടെ മോഹന്‍ ബഗാന്‍ വിജയഗോള്‍ നേടുകയായിരുന്നു.
സമനില ഗോളിനായി ഡെക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മോഹന്‍ ബഗാന്‍ പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു. അതേസമയം സൂപ്പര്‍ കപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാൾ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഭുവനേശ്വറിലെ ലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
സൂപ്പര്‍ കപ്പില്‍ ജനുവരി 14ന് ഹൈദരാബാദ് എഫ്.സിക്കെതിരെയാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് ശ്രീനിധി ഡെക്കാന്റെ എതിരാളികള്‍.
Content Highlight: Mohun Bagan Won their first match in super cup.