ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാന് ചരിത്ര വിജയം; കന്നി കിരീടത്തില്‍ മുത്തമിട്ട് സഹല്‍
Football
ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാന് ചരിത്ര വിജയം; കന്നി കിരീടത്തില്‍ മുത്തമിട്ട് സഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th September 2023, 12:23 pm

ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ തകര്‍പ്പന്‍ ജയവുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. ഈസ്റ്റ് ബെംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ടാണ് മോഹന്‍ ബഗാന്റെ ജയം. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ബഗാന്‍ ഡ്യൂറന്റ് കിരീടം തട്ടകത്തിലെത്തിക്കുന്നത്. ഇത് ബഗാന്റെ 17ാം ഡ്യൂറന്റ് കപ്പ് കിരീട നേട്ടമാണ്.

സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ ഏകദേശം 85,000ത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നിലായിരുന്നു ബഗാന്റെ കിരീടനേട്ടം. ഇതോടെ ഏറ്റവും കൂടുതല്‍ ഡ്യൂറന്‍ഡ് കപ്പ് നേടുന്ന ടീമായി മോഹന്‍ ബഗാന്‍ മാറി. 16 തവണ ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയ ഈസ്റ്റ് ബെംഗാളിനെ മറികടന്നുകൊണ്ടാണ് മോഹന്‍.ബഗാന്റെ നേട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഈസ്റ്റ് ബെംഗാളിനൊപ്പമായിരുന്നു. എന്നാല്‍ ഫൈനലില്‍ കളിയുടെ ഗതി മാറി. 2004, 2009, 2019 എന്നീ വര്‍ഷങ്ങളില്‍ മോഹന്‍ ബഗാന്‍ ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. 2004 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ ഈസ്റ്റ് ബെംഗാള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള ഒരു മധുര പ്രതികാരം കൂടിയാണ് ബഗാന്റെ തകര്‍പ്പന്‍ നേട്ടം.

മത്സരത്തിന്റെ 71ാം മിനിട്ടില്‍ ദിമിത്രി പെട്രാറ്റസ് നേടിയ ഗോളിലായിരുന്നു ബഗാന്റെ വിജയം. മന്‍വീര്‍ സിങ്ങില്‍ നിന്നും പന്ത് സ്വീകരിച്ച പെട്രാറ്റസ് ബോക്‌സിന് പുറത്തുനിന്നും തൊടുത്ത ഷോട്ട് മിന്നല്‍ വേഗത്തില്‍ ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പന്ത് വലയിലെത്തിക്കാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ 62ാം മിനിട്ടില്‍ ഈസ്റ്റ് ബെംഗാള്‍ താരം ഹാവിയര്‍ സവേറിയയുടെ മുഖത്ത് ചവിട്ടിയ ബഗാന്‍ മധ്യനിര താരം അനിരുദ്ധ് ഥാപ്പ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങി. എന്നാല്‍ ഈ ആനുകൂല്യം മുതലെടുക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. ഈസ്റ്റ് ബെംഗാളിന്റെ ഭാഗത്ത് നിന്നും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഫിനിഷിങ്ങില്‍ നേരിട്ട പോരായ്മ കൊണ്ട് ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

മലയാളി താരം വി. പി. സുഹൈറിനെ അവസാന സമയങ്ങളില്‍ കോച്ച് പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുല്‍ സമദും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കൂടുമാറിയ സഹല്‍ മോഹന്‍ ബഗാനിനൊപ്പം നേടുന്ന ആദ്യ കിരീടമാണിത്. ഈസ്റ്റ് ബംഗാള്‍ താരം നന്ദകുമാര്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് 60 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് ലഭിക്കുക.

Content Highlights: Mohun Bagan win Durand Cup 2023