ഐ.എസ്.എല്‍ 2024-25 ചാമ്പ്യന്‍മാരായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്‍ കപ്പുയര്‍ത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഓരോ നിമിഷവും ആവേശം അലതല്ലിയ എക്‌സ്ട്രാ ടൈമില്‍ ക്യാപ്റ്റന്‍ ജെയ്മി മെക്ലാറനാണ് മോഹന്‍ ബഗാന്റെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. ഇരു ടീമുകളും കാര്യമായ അവസരങ്ങള്‍ തുറന്നെടുക്കുന്നതിലോ ലഭിച്ച അവസരങ്ങളില്‍ മുതലാക്കുന്നതിലും പരാജയപ്പെട്ടതോടെയാണ് ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയത്.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിട്ടിനകം ബെംഗളൂരു മുമ്പിലെത്തി. 49ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസ് വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്.
തുടര്‍ന്നും ഇരു ടീമുകളും ഗോളിനായി പൊരുതിക്കളിച്ചപ്പോള്‍ 72ാം മിനിട്ടില്‍ ഹോം ടീം ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. 72ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് ബഗാന്‍ ഒപ്പമെത്തിയത്.
ബെംഗളൂരു താരം സന സ്വന്തം ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ടു സ്പര്‍ശിച്ചതിനാണ് റഫറി മോഹന്‍ ബഗാന് അനുകൂലമായി പെനല്‍ട്ടി വിധിച്ചു. കിക്കെടുത്ത കമ്മിങ്‌സ് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.
ഒടുവില്‍ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.
എക്‌സ്ട്രാ ടൈം ആരംഭിച്ച് ആറാം മിനിട്ടില്‍ തന്നെ മോഹന്‍ ബഗാന്‍ മുമ്പിലെത്തി. ക്യാപ്റ്റന്‍ ജെയ്മി മക്ലാറന്റെ ഫുട്‌ബോള്‍ ഇന്റലിജന്‍സാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ഈ ലീഡ് ഫൈനല്‍ വിസില്‍ വരെ നിലനിര്‍ത്താനും സാധിച്ചതോടെ മോഹന്‍ ബഗാന്‍ കിരീടമുയര്‍ത്തുകയായിരുന്നു.
ഫൈനലിലെ കിരീടനേട്ടത്തിന് പിന്നാലെ സീസണിലെ ലീഗ് ഡബിള്‍ സ്വന്തമാക്കാനും മോഹന്‍ ബഗാന് സാധിച്ചു. നേരത്തെ ലീഗ് ഷീല്‍ഡും ടീം സ്വന്തമാക്കിയിരുന്നു.
Content Highlight: Mohun Bagan Super Giants wins ISL 2024-25