| Thursday, 4th January 2024, 10:36 am

ഐ.എസ്.എൽ ചരിത്രത്തിലാദ്യമായി തുടരെ മൂന്ന് കളി തോറ്റു; കോച്ചിനെ പുറത്താക്കി നിലവിലെ ചാമ്പ്യന്മാർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജുവാന്‍ ഫെറാന്‍ഡോയെ പുറത്താക്കി.

ഈ സീസണിലെ മോഹന്‍ ബഗാന്റെ മോശം പ്രകടനത്തിന് പിന്നാലെ ആയിരുന്നു മുഖ്യ പരിശീലകനെ ടീം പുറത്താക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി മോഹന്‍ ബഗാന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ബഗാന്‍ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് ജുവാനെ പുറത്താക്കിയത്.

കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവയില്‍ നിന്നുമാണ് ജുവാന്‍ മോഹന്‍ ബഗാന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. തന്റെ ആദ്യ സീസണില്‍ തന്നെ മോഹന്‍ ബഗാനെ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ ആക്കാന്‍ ജുവാന് സാധിച്ചിരുന്നു. ഈ സീസണിലെ ഡ്യൂറന്‍ഡ് കപ്പ് കിരീടവും ജുവാന്റെ കീഴില്‍ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരുന്നു.

ജുവാന്‍ ഹെറാന്‍ഡോക്ക് പകരക്കാരനായി മോഹന്‍ ബഗാന്റെ മുന്‍ പരിശീലകന്‍ ആയിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെയാണ് ടീം ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.

2014, 2016, 2019, 2021 എന്നീ സീസണുകളില്‍ മോഹന്‍ ബഗാനെ ഹബാസ് പരിശീലിപ്പിച്ചിരുന്നു. 2014, 2019 എന്നീ സീസണുകളില്‍ ഹബാസിന്റെ കീഴില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്.

ഹബാസിന്റെ കീഴില്‍ വരാനിരിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ ആയിരിക്കും മോഹന്‍ ബഗാന്‍ ഇനി കളത്തിലിറങ്ങുക. സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഹൈദരാബാദ് എഫ്.സി ഈസ്റ്റ് ബംഗാള്‍ എഫ്.സി, ശ്രീനിധി ഡെക്കാന്‍ എന്നീ ടീമുകളാണ് ബഗാന്റെ ഗ്രൂപ്പില്‍ ഉള്ളത്. പഴയ പരിശീലകന്റെ മടങ്ങി വരവ് ടീമിന്റെ പ്രകടനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിലവില്‍ ഐ.എസ്.എല്ലില്‍ പത്തു മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മോഹന്‍ ബഗാൻ.

അതേസമയം സൂപ്പര്‍ കപ്പില്‍ ജനുവരി ഒമ്പതിന് ശ്രീനിധി ഡെക്കാനുമായാണ് മോഹന്‍ ബഗാന്റെ അടുത്ത മത്സരം.

Content Highlight: Mohun Bagan Super Giant sacked Juan Ferrando.

We use cookies to give you the best possible experience. Learn more