| Monday, 3rd March 2025, 12:12 pm

ബാബറിന്റെ മുന്നില്‍ ആ ഇന്ത്യന്‍ താരം വെറും പൂജ്യമാണ്; പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലെ ബി-ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാന്‍ നേരത്തെ പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ചാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും പരാജയപ്പെട്ട പാകിസ്ഥാന് തങ്ങളുടെ അവസാന മത്സരം മഴമൂലവും നഷ്ടമായി.

ഇതോടെ വലിയ വിമര്‍ശനങ്ങളും ടീം നേരിടേണ്ടി വന്നിരുന്നു. അനുഭവസമ്പത്തുള്ള സൂപ്പര്‍ താരം ബാബര്‍ അസമിന് കിവീസിനെതിരെയുള്ള ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതൊഴിച്ച് കാര്യമായ രീതിയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി തന്റെ 51ാം സെഞ്ച്വറി നേടിയതോടെ പലരും ബാബര്‍ അസമിനേയും വിരാടിനെയും താരതമ്യപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്റെ മുന്‍ താരവും പരിശീലകനുമായ മൊഹസിന്‍ ഖാന്‍ ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ്. ബാബറിനോട് താരതമ്യപ്പെടുത്തുമ്പോള്‍ വിരാട് ഒന്നുമല്ലെന്നാണ് മൊഹസിന്‍ പറഞ്ഞത്. എ.ആര്‍.വൈ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുന്‍ താരം.

‘ഞാന്‍ വ്യക്തമായി പറയട്ടെ, ബാബര്‍ അസമുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിരാട് കോഹ്ലി ഒന്നുമല്ല, അവന്‍ വെറും പൂജ്യമാണ്. ആസൂത്രണമോ ശരിയായ തന്ത്രമോ ഒന്നും അവന് ഇല്ല. യഥാര്‍ത്ഥ പ്രശ്നം പൂര്‍ണമായും തകര്‍ന്ന പാകിസ്ഥാന്‍ ക്രിക്കറ്റാണ്,’ മൊഹ്സിന്‍ ഖാന്‍ പറഞ്ഞു.

നിലവില്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായി നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 44 റണ്‍സിന് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. അഞ്ച് വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ഇതോടെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു ഐ.സി.സി കിരീടം നേടുമെന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാലിന് ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ മത്സരം.

Content Highlight: Mohsin Khan Compare Virat Kohli And Babar Azam

We use cookies to give you the best possible experience. Learn more