| Sunday, 7th May 2023, 4:02 pm

സര്‍പ്രൈസോട് സര്‍പ്രൈസ്; ചരിത്രമുഹൂര്‍ത്തത്തില്‍ അനിയന്‍ പാണ്ഡ്യക്ക് ചെക്ക് വെച്ച് ഏട്ടന്‍ പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തിനാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകുന്നത്. ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് നേരിടുന്നത്.

കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ സൂപ്പര്‍ താരം ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. പരിക്കിന് പിന്നാലെ രാഹുലിന് സീസണ്‍ മുഴുവനായും നഷ്ടമായതോടെയാണ് ക്രുണാല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

ഇതോടെ ചരിത്രമാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പിറന്നിരിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സഹോദരങ്ങള്‍ ക്യാപ്റ്റന്‍മാരായുള്ള ടീമുകള്‍ പരസ്പരം ഏറ്റമുട്ടുന്നത്. ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി സഹോദരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഐ.പി.എല്ലില്‍ ആദ്യമാണ്.

എതിരാളിയുടെ ഹോം സ്‌റ്റേഡിയത്തിലേക്കിറങ്ങും മുമ്പ് പല സര്‍പ്രൈസും ഒരുക്കിയാണ് ക്രുണാല്‍ ടീമിനെ വിന്യസിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ക്വിന്റണ്‍ ഡി കോക്ക് മടങ്ങിയെത്തിയപ്പോള്‍ സ്റ്റാര്‍ ബൗളറായ മൊഹ്‌സിന്‍ ഖാനും ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് മൊഹ്‌സിന്‍ ഖാന്‍ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും 14 വിക്കറ്റാണ് താരം വീഴ്ത്തിയത്. 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

അതേസമയം, ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 31 റണ്‍സ് എന്ന നിലയിലാണ് ഹോം ടീം.

ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍). ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിന്‍സ്, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), സ്വപ്‌നില്‍ സിങ്, യാഷ് താക്കൂര്‍, മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍.

Content highlight: Mohsin Khan and Quinton de Kock returns to LSG playing eleven

We use cookies to give you the best possible experience. Learn more