മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ സിനിമ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്.
ഈ വർഷവും മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. വിവിധ ഭാഷകളിൽ മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്തിട്ടുള്ള മോഹൻലാൽ നടൻ ഭരത് ഗോപിയെ കുറിച്ച് സംസാരിക്കുകയാണ്.
എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, രസതന്ത്രം, അഗ്നിദേവൻ തുടങ്ങിയ സിനിമകളിലെല്ലാം മോഹൻലാലും ഗോപിയും തമ്മിലുള്ള കൂട്ടുകെട്ട് ശ്രദ്ധ നേടിയിരുന്നു. ഭരത് ഗോപിയുടെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഒരു കുഞ്ഞിന്റെ മനസുള്ള നടനായിരുന്നു ഭരത് ഗോപിയെന്നും ഏത് കഥാപാത്രത്തിനും ശരീരം വഴങ്ങുന്ന ആളായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ പറയുന്നു. വൈവിധ്യമായ ഒരുപാട് വേഷങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും ശരിക്കും ഭരത് ഗോപി ഒരു മഹാനടൻ ആയിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘മാമാട്ടിക്കുട്ടിയമ്മയിൽ നായകനും നായികയും ഒരു കുഞ്ഞിമോളായിരുന്നു എന്നു പറയുന്നതാവും ശരി. അഭിനയിക്കുമ്പോൾ മാത്രമായിരുന്നില്ല, ശരിക്കും ഒരു കുഞ്ഞിന്റെ മനസാണ് ഗോപിച്ചേട്ടനെന്ന് അന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞു. ബേബി ശാലിനിയെ മടിയിലിരുത്തി ലാളിക്കുമ്പോഴും ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിനൊത്ത് ശാലിനിയോടൊപ്പം ആടിപ്പാടുമ്പോഴും ഒരു കുട്ടിയായി മാറുകയായിരുന്നു അദ്ദേഹം.
ഏതു കഥാപാത്രത്തിനും ആ ശരീരം വഴങ്ങുമായിരുന്നു. അല്ലെങ്കിൽ ഗോപിച്ചേട്ടൻ വഴക്കിയെടുക്കുമായിരുന്നു. അത്
കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എത്രമാത്രം വൈവിധ്യമായിരുന്നു അദ്ദേഹത്തിൻ്റെ പകർന്നാട്ടങ്ങൾ. കൊടിയേറ്റത്തിലെ ശങ്കരൻകുട്ടിയും യവനികയിലെ തബലിസ്റ്റ് അയ്യപ്പനും, ഓർമ്മയ്ക്കായിലെ ഊമയും പാളങ്ങളിലെ എഞ്ചിൻ ഡ്രൈവറും കള്ളൻ പവിത്രനിലെ മാമച്ചനും കാറ്റത്തെ കിളിക്കൂടിലെ ഷേക്‌സ്‌പിയർ കൃഷ്‌ണപിള്ളയും അപ്പുണ്ണിയിലെ അയ്യപ്പൻ നായരും ഒന്നായിരുന്നില്ല.
എല്ലാം വ്യത്യസ്‌തമായ ജീവിതരൂപങ്ങളായിരുന്നു. അത്ഭുതം തോന്നും, എങ്ങനെ ഈ മനുഷ്യൻ ഇത്രമാത്രം വേഷപ്പകർച്ചകളിലൂടെ സഞ്ചരിച്ചുവെന്ന്. മഹാനടന്മാർക്കു മാത്രം സാധ്യമാകുന്ന കാര്യമാണത്. ശരിക്കും ഭരത് ഗോപി മഹാനടൻ തന്നെയായിരുന്നു,’മോഹൻലാൽ പറയുന്നു.
സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോടൊപ്പവും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള മോഹൻലാൽ സിനിമ. തരുൺ മൂർത്തിയുമായി ആദ്യമായി ഒന്നിച്ച തുടരും എന്ന സിനിമയും ഈ വർഷത്തെ മോഹൻലാൽ റിലീസാണ്.
Content Highlight: Mohnalal About Acting Skill Of Bharath Gopi