മുംബൈ: മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഭാരതീയ യുവ മോര്‍ച്ച മുന്‍ പ്രസിഡന്റ് മോഹിത് കാംബോജ്.
ആഡംബരക്കപ്പലില്‍ നിന്ന് ലഹരിപിടിച്ചെടുത്ത സംഭവത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് മോഹിത് കേസ് നല്‍കിയത്. 100 കോടി രൂപയാണ് മാനനഷ്ടമായി മോഹിത് ആവശ്യപ്പെട്ടത്.
മോഹിത് കാംബോജ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ മാലിക് രംഗത്തുവന്നിരുന്നു.
”സ്വര്‍ണം കടത്തിയെന്ന ആരോപണം എനിക്കെതിരെ ഒരിക്കലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിക്ഷേപിച്ച എന്റെ ചെക്ക് ഒരിക്കലും ബൗണ്‍സ് ആയില്ല. എന്റെ വീട് സി.ബി.ഐ റെയ്ഡ് ചെയ്തിട്ടില്ല.ഞാന്‍ ഒരിക്കലും ഒരു ബാങ്ക് പണവും പാഴാക്കിയിട്ടില്ല,” എന്നാണ് കാംബോജിനെ ഉദ്ദേശിച്ചുകൊണ്ട് നവാബ് മാലിക് പറഞ്ഞത്.
ഇതിന് പിന്നാലെ നവാബ് മാലിക്കിനെതിരെ കാംബോജ് കേസുകൊടുക്കുന്നത്.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ ലഹരിമരുന്ന് കേസിന് പിന്നാലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണവുമായി നവാബ് മാലിക് രംഗത്തെത്തിയിരുന്നു.