| Saturday, 3rd August 2024, 12:54 pm

തിരിച്ചുവരവിൽ ആദ്യം കളിക്കുക ഇന്ത്യക്ക് വേണ്ടിയായിരിക്കില്ല: മറ്റൊരു ടീം തെരഞ്ഞെടുത്ത് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കില്‍ നിന്നും മുക്തി നേടിക്കൊണ്ട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിന പരമ്പരക്ക് ശേഷം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഷമി തിരിച്ചെത്തുമെന്ന ശക്തമായ വാര്‍ത്തകള്‍ നിലനിന്നിരുന്നു.

ഇപ്പോഴിതാ തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് മുന്നോടിയായി താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നാണ് ഷമി പറഞ്ഞത്.

‘ഞാന്‍ എപ്പോള്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുമെന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. ഞാന്‍ ഇതിനായി കഠിനമായി ശ്രമിക്കുന്നുണ്ട്. വീണ്ടും ഇന്ത്യന്‍ ജേഴ്‌സി ധരിക്കുന്നതിന് മുമ്പായി ബംഗാളിനായി കളിക്കണമെന്ന് ഞാന്‍ കരുതുന്നു. ബംഗാളിനായി രണ്ട്, മൂന്ന് മത്സരങ്ങള്‍ കളിക്കാനായി ഞാന്‍ ഉണ്ടാവും. അതിനുവേണ്ടി ഞാന്‍ പൂര്‍ണമായി തയ്യാറെടുക്കും,’ ഷമി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബറിലാണ് 2024-25 രഞ്ജി ട്രോഫിക്ക് തുടക്കം കുറിക്കുന്നത്. അതിനാല്‍ ഈ സീസണില്‍ രഞ്ജിയില്‍ ബംഗാളിന് വേണ്ടി കളിക്കാന്‍ ഷമിക്ക് സാധിക്കും. നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് പരമ്പരയുണ്ട്. ബംഗാളിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ഓസ്‌ട്രേലിയക്കെതിരെയുള്ള ഈ പരമ്പരയില്‍ വീണ്ടും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയാന്‍ ഷമിക്ക് സാധിക്കും.

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ആയിരുന്നു ഷമിക്ക് പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെ താരം എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്നും പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി.

2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.

Content Highlight: Mohemmed Shami Talks About His Come Back to Indian Team

We use cookies to give you the best possible experience. Learn more