| Friday, 19th January 2024, 4:42 pm

ലിവർപൂൾ സൂപ്പർ താരത്തിന് പരിക്ക്; കണ്ണീരോടെ കളം വിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാക്ക് പരിക്ക്. ആഫ്രിക്കന്‍ നേഷ്യന്‍സ് കപ്പില്‍ ഖാനക്കെതിരെയുള്ള മത്സരത്തിലാണ് സലാക്ക് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സലാക്ക് പരിക്കുപറ്റിയത്. ഇതിനു പിന്നാലെ താരം മത്സരത്തില്‍ നിന്നും പുറത്താവുകയും ചെയ്തു.

മത്സരത്തിന്റെ 45ാം മിനിട്ടില്‍ ആയിരുന്നു ഹാംസ്ട്രാങ് പ്രശ്‌നങ്ങള്‍ മൂലം സലാ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത്. പരിക്കേറ്റ സലാഹിന് പകരക്കാനായി മുസ്തഫ ഫാത്തി കളത്തിലിറങ്ങുകയായിരുന്നു.

സലാഹിന്റെ പരിക്കിനെ കുറിച്ച് ഈജിപ്ഷന്‍ കോച്ച് പ്രതികരിക്കുകയും ചെയ്തു.

‘സലയുടെ പരിക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്താണ് തലയുടെ പ്രശ്‌നം എന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മത്സരത്തില്‍ ആദ്യപകുതിയില്‍ അവന്‍ പുറത്തുപോയത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് നല്‍കിയത്. കാരണം മത്സരത്തിന് രണ്ടാം പകുതിയില്‍ ഞങ്ങള്‍ക്ക് രണ്ടു പകരക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുള്ള സാഹചര്യം വലിയ അപകടകരമാവില്ലെന്ന് ഞാന്‍ കരുതുന്നു. സലാ സുഖം പ്രാപിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’  റൂയ്   വിറ്റോറിയ മത്സരശേഷം പറഞ്ഞു.

അതേസമയം സ്റ്റേഡ് ഫെലിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുഹമ്മദ് കുഡൂസാണ് മത്സരത്തില്‍ ഖാനക്കായി ആദ്യ ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഖാന മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 69ാം മിനിട്ടില്‍ ഒമര്‍ മര്‍മൗസിലൂടെ ഈജിപ്ത് മറുപടി ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ രണ്ടു മിനിട്ടുകള്‍ മാത്രമേ ആ ഗോളിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

മുഹമ്മദ് കുഡൂസിലൂടെ ഖാന വീണ്ടും മുന്നിലെത്തി. എന്നാല്‍ 74ാം മിനിട്ടില്‍ സലയുടെ പകരക്കാരനായി ഇറങ്ങിയ മുസ്തഫ മുഹമ്മദ് നേടിയ ഗോളിലൂടെ ഈജിപ്ത് സമനില പിടിക്കുകയായിരുന്നു.

സമനിലയോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഈജിപ്ത്. അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ കേപ് വെര്‍ദക്കെതിരെ ഈജിപ്തിന് വിജയം അനിവാര്യമാണ്. ജനുവരി 23നാണ് മത്സരം നടക്കുക.

Content Highlight: Mohemmed Salah injury.

We use cookies to give you the best possible experience. Learn more