| Wednesday, 13th March 2024, 3:21 pm

1.70 എക്കോണമിയില്‍ എജ്ജാതി ഏറ്; അയർലാൻഡിനെ എറിഞ്ഞുവീഴ്ത്തിയ നബിക്ക് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന് 117 റണ്‍സിന്റെ കൂറ്റന്‍ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും അഫ്ഗാന് സാധിച്ചു.

മത്സരത്തില്‍ അഫ്ഗാന്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നബിയാണ് അയര്‍ലാന്‍ഡിനെ തകര്‍ത്തത്. 10 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റുകളാണ് നബി വീഴ്ത്തിയത്. 1.70 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അഫ്ഗാന്‍ വെറ്ററന്‍ താരം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനായി ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളറെന്ന നേട്ടമാണ് നബി സ്വന്തമാക്കിയത്.

ഇതിന് മുമ്പ് റാഷിദ് ഖാന്‍ നാല് തവണയാണ് ഏകദിനത്തില്‍ അഫ്ഗാനായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുജീബ് ഉര്‍ റഹ്‌മാന്‍, ഗുല്‍ബാദിന്‍ നായിബ്, ഹമീദ് ഹസ്സന്‍, റഹ്‌മത്ത് ഷാ എന്നിവര്‍ ഓരോ തവണയും ഫൈഫര്‍ നേട്ടം സ്വന്തമാക്കി.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും നബി സ്വന്തം പേരിലാക്കി മാറ്റി. അയര്‍ലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ അഫ്ഗാനിസ്ഥാന്‍ ബൗളറായി മാറാനും നബിക്ക് സാധിച്ചു. റാഷിദ് ഖാന്‍ (6/43), മേയില്‍ നൈബ് (6/43) എന്നിവരാണ് അയര്‍ലാന്‍ഡിനെതിരെ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.

അഫ്ഗാന്‍ ബാറ്റിങ്ങില്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി 103 പന്തില്‍ 69 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 53 പന്തില്‍ 51 റണ്‍സും മുഹമ്മദ് നബി 62 പന്തില്‍ 48 റണ്‍സും നേടി കരുത്തുകാട്ടി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ മാര്‍ക്ക് അഡയെര്‍ മൂന്ന് വിക്കറ്റും ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് 35 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നബിയും നാനഗെയാലിയ ഖരോട്ടെ നാല് വിക്കറ്റും നേടിയപ്പോള്‍ അഫ്ഗാന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മാര്‍ച്ച് 15നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Mohemmed Nabi create a new record in ODI

Latest Stories

We use cookies to give you the best possible experience. Learn more