ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫൈനല്‍ ഇന്ന് കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും കൊമ്പ് കോര്‍ക്കാനിരിക്കുന്നത്.
ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 2011 ലോകകപ്പ് ഫൈനലില്‍ എം.എസ് ധോണി ഇന്ത്യയെ വിജയത്തില്‍ എത്തിച്ചതുപോലെ കോഹ്‌ലിക്കും ഇതുപോലെ ചെയ്യാന്‍ കഴിയുമെന്നാണ് കൈഫ് പറഞ്ഞത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘2011 ലോകകപ്പ് ഫൈനലിൽ ധോണി നടത്തിയ മികച്ച പ്രകടനങ്ങൾ വിരാട് കോഹ്‌ലി ഓർഓർമിക്കണം. കോഹ്‌ലി വളരെ മികച്ച കളിക്കാരനാണ്. എതിർ ടീമിന്റെ ബൗളിങ് ആക്രമണത്തിനെതിരെ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിയും. 2011ലെ ലോകകപ്പിൽ ധോണി നേരത്തെ ഫോമിനോട് പൊരുതി നിന്നെങ്കിലും ഫൈനലിൽ അദ്ദേഹം പുറത്താവാതെ 91 റൺസാണ് നേടിയത്. കുലശേഖരയുടെ ഓവറിൽ അദ്ദേഹത്തിന്റെ ഐക്കൺ സിക്‌സ് ക്രിക്കറ്റ് ആരാധകരുടെ ഓർമകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ധോണിയെ നോക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിക്ക് സ്വന്തം ഇതിഹാസപദവി ഉറപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു,’ കൈഫ് പറഞ്ഞു.
ഈ ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ നിന്നും 75 റണ്‍സാണ് ഇതുവരെ കോഹ്‌ലി നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തില്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടികൊണ്ടാണ് വിരാട് മടങ്ങിയത്. റീസ് ടോപ്ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് വിരാട് പുറത്തായത്.
Content Highlight: Mohemmed Kaif Talks About Virat Kohli