2024 ടി-20 ലോകകപ്പിന് തിരശ്ശീല വീണിരിക്കുകയാണ്. യു.എസ്.എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ടി-20 ലോകകപ്പ് ഇന്ത്യന്‍ ടീമാണ് സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായ. നീണ്ട 17 വര്‍ഷത്തിനുശേഷമാണ് ടി-20 ലോകകപ്പ് കിരീടം ഇന്ത്യന്‍ ടീമിലെത്തുന്നത്.
ഇപ്പോള്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിര്‍ നടത്തിയ മിന്നും പ്രകടനമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി പന്തെറിഞ്ഞ ആമിര്‍ ഒരു സിക്‌സ് പോലും വഴങ്ങിയിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഈ ലോകകപ്പില്‍ 96 പന്തുകളാണ് വ്യത്യസ്ത മത്സരങ്ങളിലായി ആമിര്‍ എറിഞ്ഞത് എന്നാല്‍ ഒരു സിക്‌സ് പോലും താരം വിട്ടു നല്‍കിയിട്ടില്ല. 2009ലെ ടി-20 ലോകകപ്പിലും ഇതിനു സമാനമായ രീതിയില്‍ ആയിരുന്നു ആമിര്‍ ബോള്‍ ചെയ്തത്.
2009ല്‍ 139 പന്തുകള്‍ എറിഞ്ഞ ആമിര്‍ ഒരു സിക്‌സുപോലും വിട്ടു നല്‍കിയിരുന്നില്ല. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ആമിറിനെ തേടിയെത്തിയത്. ടി-20 ലോകകപ്പിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകളില്‍ ഒരു സിക്‌സുപോലും വഴങ്ങാത്ത ആദ്യ ബൗളര്‍ എന്ന നേട്ടമാണ് പാക് താരം സ്വന്തമാക്കിയത്.
ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് ആമിര്‍ നേടിയിട്ടുള്ളത്. 4.50 എക്കണോമിലും 10.28 ആവറേജിലുമാണ് താരം പന്തെറിഞ്ഞത്. 2009 ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും ആറ് വിക്കറ്റുകളും താരം നേടിയിരുന്നു.
അതേസമയം ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ലോകകപ്പില്‍ സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ ബാബര്‍ അസമിനും സംഘത്തിനും സാധിച്ചിരുന്നില്ല. ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വീതം വിജയവും തോല്‍വിയുമായി നാലു പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍ ഫിനിഷ് ചെയ്തത്.
Content Highlight: Mohemmed Amir Rare Record in T20 World Cup