| Monday, 5th August 2024, 10:10 pm

ഒറ്റ ഗോളിൽ അടിച്ചുകയറിയത് വമ്പന്മാരുടെ ലിസ്റ്റിൽ; തകർപ്പൻ നേട്ടത്തിൽ കേരളത്തിന്റെ ഗോളടിവീരൻ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഡ്യൂറന്റ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ലൂക്കായിലൂടെയാണ് പഞ്ചാബ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മലയാളി താരം മുഹമ്മദ് അയ്മനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. പെപ്രയുടെ പാസില്‍ നിന്നും താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അയ്മന്‍ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറാനാണ് അയ്മന് സാധിച്ചത്. എട്ട് ഗോളുകളാണ് താരം ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ നേടിയിട്ടുള്ളത്. 35 മത്സരങ്ങളില്‍ നിന്നുമാണ് താരം എട്ടു ഗോളുകള്‍ നേടിയയ്.

78 മത്സരങ്ങളില്‍ നിന്നും ഇത്ര തന്നെ ഗോളുകള്‍ നേടിയ കെ.പി രാഹുലിനെ മറികടന്ന് കേരളത്തിനായി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറാനും അയ്മന് സാധിച്ചു. ഈ പട്ടികയില്‍ ഒന്നാമതുഉള്ളത് സി.കെ വിനീത് ആണ്. 43 മത്സരങ്ങളില്‍ കേരളത്തിനായി ബൂട്ടുകെട്ടിയ വിനീത് 11 ഗോളുകളാണ് നേടിയിട്ടുള്ളത്. 97 മത്സരങ്ങളില്‍ നിന്നും പത്തു ഗോളുകള്‍ നേടിയ സഹല്‍ അബ്ദുല്‍ സമദുമാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്.

സമനിലയോടെ ഗ്രൂപ്പ് സിയില്‍ ഒരു വിജയവും ഒരു സമനിലയും അടക്കം നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കേരളം. ഓഗസ്റ്റ് പത്തിന് സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Content Highlight: Mohemmed Aimen Great Performance For Kerala Blasters

We use cookies to give you the best possible experience. Learn more