| Monday, 21st September 2015, 8:18 pm

ആരാധകര്‍ക്ക് കലാകാരന്മാരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി കലയെ ആദരിക്കുക എന്നതാണ്, അന്ധമായി അനുകരിക്കുക എന്നതല്ല: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയെ അനുകരിച്ച് യുവതലമുറ വഴിതെറ്റി പോകുന്നവെന്ന ആരോപണം ഉയരുന്നതിനിടെ അനുകരണങ്ങള്‍ക്കെതിരെ നടന്‍ മോഹന്‍ ലാല്‍. ആസ്വാദകര്‍ക്കും ആരാധകര്‍ക്കും കലാകാരന്മാരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി കലയെ ആദരിക്കുക എന്നതാണെന്നും അന്ധമായി അനുകരിക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോഗിലാണ് മോഹന്‍ ലാല്‍ ഇതുസംബന്ധിച്ച കുറിപ്പെഴുതിയിരിക്കുന്നത്.

ഏറെ ആലോച്ചതിന് ശേഷമാണ് ഈ വിഷയത്തെക്കുറിച്ച് എഴുതുന്നതെന്ന് പറയുന്ന കുറിപ്പില്‍ കെട്ടുകഥകളായ സിനിമകളെയല്ല മഹത്തായ ജിവിതങ്ങളെയാണ് അനുകരിക്കേണ്ടെതെന്നും അദ്ദേഹം പറയുന്നു. ഗാന്ധി, ലിങ്കണ്‍, വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, അബ്ദുള്‍ കലാം തുടങ്ങിവരുടെ മഹത്തായ ജീവിതങ്ങളെയാണ് അനുകരിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

“ആരാധിച്ച് അന്ധമായി അനുകരിക്കുന്നവരും അവരെ ശകാരിക്കുന്നവരും ആദ്യമായി മനസിലാക്കേണ്ടത് ജനപ്രിയ ചിത്രങ്ങളെല്ലാം കെട്ടുകഥകള്‍ മാത്രമാണ്. കാഴ്ചക്കാര്‍ക്ക് വേണ്ടി ഉണ്ടാകുന്ന കഥകള്‍. അവരെ രസിപ്പിക്കുക, പിടിച്ചിരുത്തുക, എന്നിവയൊക്കെയാണ് ഇവയുടെ ലക്ഷ്യം.” മോഹന്‍ ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു.

ഒരു കലാകാരനായി ആസ്വാദകരാല്‍ ഇഷ്ടപ്പെടാനും അംഗീകരിക്കപ്പെടാനുമാണ് വലിയ അഭിനേതാക്കളെല്ലാം ആഗ്രഹിക്കുന്നതെന്നും മനുഷ്യരായി പരിഗണിക്കപ്പെടുകയാണ് ഏറ്റവും സുഖമുള്ള കാര്യമെന്നും അദ്ദേഹം പറയുന്നു. കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണണമെന്നും എല്ലാ കലാകാരന്മാരും അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more