| Monday, 7th September 2020, 9:43 am

ഇച്ചാക്കയ്ക്ക് ഉമ്മ കൊടുത്ത് ലാലു ; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്പര്‍ 20 മദ്രാസ് മെയിലിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടിക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്‌നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ ഭാഗങ്ങള്‍ സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളാണ്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ നല്‍കിയിട്ടുള്ളത്.

ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മട്ടൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷമാക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ ആശംസകളെത്തിയത്. ഇരുവരുടെയും ആരാധകര്‍ ചിത്രവും ആശംസകളും ഏറ്റെടുത്തുകഴിഞ്ഞു.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ സിനിമാനാളുകളുടെയും സൗഹൃദത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ആശംസയുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്.

1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.

പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal wishing Mammootty on his birthday

We use cookies to give you the best possible experience. Learn more