| Thursday, 17th March 2022, 10:25 pm

ബ്ലാസ്റ്റേഴ്‌സിന്റെ പത്താം നമ്പര്‍ ജേഴ്‌സിയില്‍ ലാലേട്ടന്‍; ആവേശത്തില്‍ മഞ്ഞപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയതിന്റെ ത്രില്ലിലാണ് ആരാധകര്‍. മുമ്പ് രണ്ട് തവണയും കൈവിട്ട കിരീടം തിരിച്ചു പിടിക്കാം എന്ന പ്രത്യാശയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

മാര്‍ച്ച് 20ന് ഗോവയില്‍ വെച്ചാണ് ഫൈനല്‍ മത്സരം. ഗോവയിലേക്ക് കളി കാണാനും പിന്തുണയ്ക്കാനും കൊമ്പന്‍മാരുടെ പാപ്പാന്‍ ഇവാന്‍ വുകോമനൊവിച്ച് പച്ച മലയാളത്തില്‍ മഞ്ഞപ്പടയെ ക്ഷണിച്ചിട്ടുമുണ്ടായിരുന്നു.

എന്നാലിപ്പോള്‍, മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ മഞ്ഞപ്പടയുടെ ഭാഗമായതിന്റെ ത്രില്ലിലാണ് ആരാധകര്‍. തന്റെ സുഹൃത്തും സംരംഭകനുമായ സമീര്‍ ഹംസയ്‌ക്കൊപ്പം ബ്ലാസറ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ലാലേട്ടന്റെ പുതിയ ഫോട്ടായാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഐക്കോണിക് മഞ്ഞ ജേഴ്‌സിയില്‍ ലാല്‍ എന്ന് രേഖപ്പെടുത്തിയ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് താരം ഫൈനലിന് മുമ്പേ ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയത്.

ലാലിനൊപ്പം സമീര്‍ ഹംസയും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഇയാളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഫൈനല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി ധരിക്കാന്‍ അനുവാദമുണ്ടാവുകയില്ല. ഹൈദരാബാദ് എഫ്.സിക്കായിരിക്കും മഞ്ഞ ജേഴ്സി ധരിക്കാന്‍ സാധിക്കുക. ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.

ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റെ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന് മഞ്ഞ ജേഴ്സി ധരിക്കാനുള്ള അവസരം കിട്ടിയത്. ഇതോടെ ഗോവയിലെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അല്‍പം സങ്കടപ്പെടേണ്ടി വരും.

കരുത്തരയാ എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പിച്ചായിരുന്നു ഹൈദരാബാദ് ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-1 എന്ന സ്‌കോര്‍ തുണയാവുകയായിരുന്നു. ഫൈനല്‍ അഗ്രഗേറ്റ് സ്‌കോര്‍ 3-2

ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

ആദ്യ സെമിയില്‍ ജംഷഡ്പൂരിനെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണ്.

ഫൈനലില്‍ ആരുതന്നെ ജയിച്ചാലും ഐ.എസ്.എല്ലില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നുറപ്പാണ്.

Content Highlight: Mohanlal wears Yellow jersey of Kerala Blasters before ISL Final

We use cookies to give you the best possible experience. Learn more