| Tuesday, 16th April 2024, 3:31 pm

സിനിമ കണ്ടപ്പോള്‍ തന്റെ പഴയകാലത്തിലേക്ക് പോയതുപോലെ: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ 70കളുടെ പശ്ചാത്തലത്തില്‍ സിനിമാമോഹവുമായി മദിരാശിക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മദിരാശി ജീവിതത്തെക്കുറിച്ചുള്ള കഥയാണെന്ന് അനൗണ്‍സ്‌മെന്റിന്റെ സമയത്ത് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ കുട്ടിക്കാലം മുതല്‍ കേട്ട കഥകള്‍ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിനീത് പറഞ്ഞു.

ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം മോഹന്‍ലാല്‍ പങ്കുവെച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ വീട്ടിലെ പ്രൈവറ്റ് തിയേറ്ററില്‍ നിന്ന് സിനിമ കാണുന്ന ഫോട്ടോയും, സിനിമയെക്കുറിച്ചുള്ള കുറിപ്പുമാണ് താരം തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ പുറത്തുവിട്ടത്. സിനിമ കണ്ടപ്പോള്‍ തന്റെ പഴയകാലത്തിലേക്ക് പോയതുപോലെയാണെന്ന് താരം കുറിച്ചു.

‘കടന്നുപോയ കാലത്തിലേക്ക് ജീവിതസായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവര്‍ ഉണ്ടാകുമോ? എത്ര ചെറുതായാലും ശരി, നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അദ്ധ്യായങ്ങള്‍ കാണാം.

വിനീത് ശ്രീനിവാസന്‍ സംവിധാനെ ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലഘട്ടത്തിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ചുണ്ടില്‍ ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തു വച്ചിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി,’ മോഹന്‍ലാല്‍ കുറിച്ചു.

Content Highlight: Mohanlal watched Varshangalkku Sesham and he shared his opinion

We use cookies to give you the best possible experience. Learn more