| Wednesday, 18th July 2012, 11:26 am

മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമായി: ഡി.എഫ്.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ. ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഡി.എഫ്.ഒ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. []

ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലാലിന് കഴിഞ്ഞിട്ടില്ല. പകരം മറ്റുള്ളവരുടെ പേരിലുള്ള ലൈസന്‍സാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ചയാണ് ഡി.എഫ്.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ലാലിന്റെ പക്കല്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അന്തിമറിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന്റെ വാദം 23ന് തുടങ്ങാനിരിക്കേയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത്. കഴിഞ്ഞ ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more