ചെന്നൈ: ലോകത്തിന്റെ ഏത് ഭാഗം നോക്കിയാലും ഒരു മലയാളിയുണ്ടാവുമെന്നാണ് പറയാറുള്ളത്. ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ ഏറ്റവും ആശങ്കയിലായതും ഈ പ്രവാസി മലയാളികളായിരുന്നു.
രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രവാസികളോട് ആശങ്കപ്പെടേണ്ടെന്നും കൂടെയുണ്ടെന്നും പറയുകയാണ് നടന്‍ മോഹന്‍ലാല്‍.
ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം പ്രവാസികളോട് സംസാരിച്ചത്. ആരും കൂടെയില്ലെന്ന തോന്നല്‍ വേണ്ടെന്നും ഞങ്ങളെല്ലാവരുമുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. നാമൊരുമിച്ച് ദുഃഖിക്കുന്ന കാലവും കടന്നുപോകുമെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ സന്ദേശം,
നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം.
നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍. എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ.
ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ.
ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും.