|

എല്‍.ജെ.പി ചിത്രം കഴിഞ്ഞാല്‍ ശ്യാം പുഷ്‌കരനും മധു സി. നാരായണനുമൊപ്പം മോഹന്‍ലാല്‍? ആവേശത്തിലാറാടി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന വാര്‍ത്തയെ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമെല്ലാം ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ കൂടുതല്‍ സന്തോഷം നല്‍കുന്ന മറ്റ് ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സി. നാരായണനായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

മലയാള സിനിമയിലെ അണിയറ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പേജുകളുമെല്ലാം ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ എല്‍.ജെ.പി – മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിട്ട പേജുകളില്‍ നിന്നാണ് ഈ വാര്‍ത്തയും വരുന്നത് എന്നതുകൊണ്ട് തന്നെ ആരാധകരും ഏറെ സന്തോഷത്തിലാണ്.

അതേസമയം ലിജോക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയിലൂടെയാണ് അറിയിച്ചത്.

തന്റെ അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കഴിവുറ്റ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഈ കാര്യം അറിയിക്കുന്നതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചു. പ്രൊഡക്ഷന്‍ ഹൗസായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ് ലാബ്സും സെഞ്ച്വറി ഫിലിംസ് ചേര്‍ന്നാണ് പ്രൊജക്ട് നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിജോ ജോസ് പെല്ലിശ്ശേരിക്കും ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഷിബു ബേബി ജോണിനും മറ്റ് അംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമകള്‍ വലിയ വിജയങ്ങളാകാതിരുന്നത് കൊണ്ട് തന്നെ മോഹന്‍ലാല്‍ ഫാന്‍സടക്കം വലിയ പ്രതീക്ഷയോടെയാണ് എല്‍.ജെ.പി ചിത്രത്തിനായി കാത്തിരിക്കുന്നത്.

Content Highlight: Mohanlal to tie up with Syam Pushkaran and Madhu C Narayanan for a new movie, reports