|

സംവിധായകനായി മോഹന്‍ലാല്‍; ബാറോസ് കാക്കനാട് ആരംഭിച്ചു; ആശംസകളുമായി താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ അഭിനയ പരിചയവുമായി നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍’ കൊച്ചിയില്‍ ആരംഭിച്ചു.

കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ പൂജയും ഷൂട്ടിംഗും ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

നേരത്തെ തന്റെ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ ചൊവ്വാഴ്ച്ച വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. ‘ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകുകയാണ്.

24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി ഞാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഈ നിയോഗത്തിനും എനിക്ക് തിര ജീവിതം തന്ന നവോദയയുടെ ആശീര്‍വാദവും സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി  നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

സിനിമാ രംഗത്തുള്ള നിരവധിപേരാണ് നവോദയ സ്റ്റുഡിയോയില്‍ നടക്കുന്ന പൂജ ചടങ്ങിനായെത്തിയിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ഉണ്ട്.

ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ ബാറോസായി അഭിനയിക്കുന്നത് താന്‍ ആണെന്നും നേരത്തേ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ത്രീഡി സ്റ്റേജ് ഷോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും സംവിധായകന്‍ ടി.കെ രാജീവ് കുമാറും ജിജോയെ ചെന്നു കണ്ടപ്പോഴാണ് കഥ വായിക്കുന്നതും സിനിമയെക്കുറിച്ച് ആലോചിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും.

റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.

ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal to direct; Barroz: Guardian of D’Gama’s Treasure started Kakkanad; Greetings stars Mammootty, Prithviraj , jijo