| Thursday, 18th January 2024, 4:31 pm

'ഇനി മോൻ വിറച്ചില്ലായെന്ന് പറഞ്ഞ് എന്റെ അടുത്ത് വരാൻ പാടില്ല'; അവതാരകനോട് തഗ് മറുപടിയുമായി ലാലേട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ-ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. കാലവും ദേശവുമില്ലാത്ത ഒരു കഥയാണെന്നാണ് മോഹൻലാൽ പറയുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ തിയേറ്റർ വിറക്കുമോയെന്ന ചോദ്യത്തിന് വിറക്കുമോയെന്ന് പറയാൻ പറ്റില്ലെന്നും ‘ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ അടുത്ത് വരാൻ പാടില്ല’ എന്നുമായിരുന്നു മോഹൻലാലിന്റെ തഗ് മറുപടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം

‘ഇൻട്രോ സീനിൽ തിയേറ്റർ വിറക്കുമോ എന്നെനിക്ക് പറയാൻ പറ്റില്ല. കുഴപ്പമില്ലാ എന്ന് തോന്നുന്നു. അങ്ങനെയല്ലല്ലോ, അത് പ്രസന്റ് ചെയ്യുന്ന രീതിയാണല്ലോ. ഇൻട്രൊഡക്ഷൻ എന്ന് പറയുമ്പോൾ അതിൽ ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ അയാളെ പ്രസന്റ് ചെയ്യുന്നത് ഒരു ത്രില്ലാണ്. അതൊരു സ്കിൽ ആണ്. ആ സ്കിൽ ഈ സിനിമയിൽ ഉണ്ടായിരിക്കാം . ഇനി കണ്ടിട്ടേ പറയാൻ പറ്റുകയുള്ളു. ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ അടുത്ത് വരാൻ പാടില്ല,’ മോഹൻലാൽ പറഞ്ഞു.

ഇന്ത്യൻ സിനിമയിൽ ഈ ഴോണറിലുള്ള സിനിമ ഉണ്ടായിട്ടില്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഇങ്ങനെയുള്ള ഴോണറില്‍ വരുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. കാലവും ദേശങ്ങളും ഒന്നും ഇല്ലാത്ത സിനിമ കൂടെയാണ് ഇത്. അതിന്റെ ക്രാഫ്റ്റ് മാറ്റിനിര്‍ത്തിയാല്‍ വലിയ ഒരു ക്യാന്‍വാസിലാണ് ഈ സിനിമ ചെയ്യുന്നത്.

പക്ഷേ ഒരു സിനിമക്ക് വേണ്ട കഥ പറയുമ്പോള്‍ എന്തൊക്കെ വേണമോ, അതൊക്കെ വാലിബനില്‍ ഉണ്ട്. പ്രണയവും വിരഹവും ദുഖവും സന്തോഷവും പ്രതികാരവും അസൂയയും ഉള്‍പ്പെടെയുള്ള എല്ലാ ഇമോഷന്‍സും ഉണ്ടാകും. അതിനെ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്നതാണ് കാര്യം,’ മോഹൻലാൽ പറയുന്നു.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജയ്‌സാല്‍മേര്‍, പൊഖ്‌റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Mohanlal thug reply  during press meet

We use cookies to give you the best possible experience. Learn more