| Friday, 18th February 2022, 9:33 pm

ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് സിനിമ എടുത്തത്, ഇതൊരു ഫാമിലി എന്റര്‍ടെയ്‌നറാണ്; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ ഫെബ്രുവരി 18 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞത്.

കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ എന്നാണ് ആ സിനിമ കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്,

വലിയ അവകാശവാദങ്ങളൊന്നുമില്ല. ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡിനെ ഉദ്ദേശിച്ചാണ്. കൊവിഡ് മഹാമാരി കഴിഞ്ഞ് വീണ്ടും തിയേറ്ററുകള്‍ ഒന്നു ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കി തന്നിരിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

‘വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എ.ആര്‍. റഹ്മാനോട് നന്ദി പറയാനുണ്ട്. കൊവിഡിന്റെ മൂര്‍ധന്ന്യാവസ്ഥയില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തി. ബി. ഉണ്ണികൃഷ്ണന്റെ സിനിമകളില്‍ നിന്നൊക്കെ മാറി ഒരുപാട് വ്യത്യസ്തമായ എന്റര്‍ടെയ്‌നറാണ് ഇത്.

ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓര്‍മിപ്പിക്കുന്ന നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന ഒരുപാട് സീനുകള്‍ നമ്മള്‍ മനപ്പൂര്‍വം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ഈ സിനിമയെ ഞങ്ങള്‍ കണ്ടിരിക്കുന്നത്.

ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തത്. ആറാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നല്ല സിനിമകളുമായി വീണ്ടും വരാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ. ആര്‍. റഹ്മാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.


Content Highlight: Mohanlal thanks the audience for receiving aarattu

We use cookies to give you the best possible experience. Learn more