നാല് പതിറ്റാണ്ടലധികം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മോഹന്‍ലാല്‍ രണ്ടുതവണ ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.
മോഹന്‍ലാലിന് രണ്ടാമത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു വാനപ്രസ്ഥം. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999ല്‍ റിലീസായ ചിത്രത്തില്‍ അതിഗംഭീര പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. കഥകളിനടനായ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വാനപ്രസ്ഥത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ കഥകളിവേഷം ധരിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍.
ചിത്രത്തിനായി കഥകളിയുടെ ചമയമെല്ലാം അണിഞ്ഞ് വന്നപ്പോള്‍ തന്റെ കൂടെ അഭിനയിക്കേണ്ടിയിരുന്ന കഥകളിക്കാര്‍ കുറച്ച് മാറിയിരുന്ന് സംസാരിക്കുന്നത് കണ്ടെന്നും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലായെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ അവരുടെ അടുത്തേക്ക് ചെന്ന് എന്താണ് സംസാരിക്കുന്നതെന്ന് ചോദിച്ചെന്നും കഥകളിയാചാര്യന്‍ കൃഷ്ണന്‍നായരെപ്പോലെയുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് കിട്ടിയ വലിയ ബഹുമതികളിലൊന്നാണ് ആ വാക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വാനപ്രസ്ഥത്തില്‍ കഥകളിയുടെ ചമയം അണിഞ്ഞ് ഞാന്‍ ഇരിക്കുകയാണ്. ഷോട്ടിന് കുറച്ച് സമയം ബാക്കിയുണ്ട്. എന്റെ കൂടെ കളിക്കേണ്ടവര്‍ വേഷം ധരിച്ച് മാറിയിരിക്കുന്നുണ്ട്. അവര്‍ എന്നെ നോക്കിക്കൊണ്ട് എന്തോ പറയുകയായിരുന്നു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ചിട്ട് അവരോട് എന്റെയടുത്തേക്ക് വന്നിരിക്കാന്‍ പറഞ്ഞു.
എന്താണ് സംസാരിച്ചുകൊണ്ടിരുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഈ വേഷം ധരിച്ച് വന്നപ്പോള്‍ കൃഷ്ണന്‍കുട്ടി നായരെപ്പോലെയുണ്ട്’ എന്നായിരുന്നു അവര്‍ തന്ന മറുപടി. എന്നെ സംബന്ധിച്ച് അത്തരം വാക്കുകള്‍ ബഹുമതി പോലെയാണ്. ഞാന്‍ കൃഷ്ണന്‍കുട്ടിയാശാനെ നേരില്‍ കണ്ടിട്ടില്ല. അതുപോലെയാകണം എന്ന് വിചാരിച്ചല്ല വേഷം ധരിച്ചത്. അവര്‍ക്ക് അങ്ങനെ തോന്നിയത് എന്തുകൊണ്ടാണെന്ന് അറിയില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal talks about Vanaprastham movie