മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പത്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ സുമലത, പാര്‍വതി എന്നിവരായിരുന്നു ആ സിനിമക്കായി ഒന്നിച്ചത്.
റിലീസ് ചെയ്ത സമയത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന തൂവാനത്തുമ്പികളെ വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ഒരു ക്ലാസിക് ചിത്രമായാണ് കാണുന്നത്. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്.
തൂവാനത്തുമ്പികള്‍ അഞ്ഞൂറില്‍ കൂടുതല്‍ തവണ കണ്ടിട്ടുള്ള ആളുകളെ തനിക്ക് അറിയാമെന്നും അത്തരത്തിലുള്ള ഒരു മാജിക്ക് ആ സിനിമക്കുണ്ടെന്നും പറയുകയാണ് മോഹന്‍ലാല്‍. ഈ സിനിമ ഒരു കള്‍ട്ടാണെന്നും ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരുപക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും നടന്‍ പറഞ്ഞു.
ഇന്നും തൂവാനത്തുമ്പികളെ കുറിച്ച് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അത് ആ കഥാപാത്രം കാരണമാണെന്നും അല്ലാതെ മോഹന്‍ലാല്‍ കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘തൂവാനത്തുമ്പികള്‍ എന്ന സിനിമ അഞ്ഞൂറില്‍ കൂടുതല്‍ തവണ കണ്ടിട്ടുള്ള ആളുകളെ എനിക്ക് അറിയാം. ഓരോ തവണയും അവര്‍ ആ സിനിമ മുഴുവനായും കാണുകയും വീണ്ടും വീണ്ടും കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
അത്തരത്തിലുള്ള ഒരു മാജിക്ക് ആ സിനിമക്കുണ്ട്. പിന്നെ മറ്റൊരു പ്രത്യേകതയും ഈ സിനിമക്കുണ്ട്. തൂവാനത്തുമ്പികളില്‍ പ്രണയത്തിന് പുറമെ അസൂയയും ദേഷ്യവുമൊക്കെയുണ്ട്. ഈ സിനിമ ഒരു കള്‍ട്ടാണ്. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരുപക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
അതുപോലെ ഇന്നും ആ സിനിമയെ കുറിച്ച് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അത് ആ കഥാപാത്രം കാരണമാണ്. അല്ലാതെ മോഹന്‍ലാല്‍ കാരണമല്ല. ജയകൃഷ്ണന്‍ ആണ് ആ സിനിമയുടെ വിജയത്തിന് കാരണം. അത്രയും പവര്‍ഫുള്ളായ ഒരു സ്‌ക്രിപ്റ്റാണ് ആ സിനിമയുടേത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Thoovanathumbikal Movie