| Tuesday, 5th November 2024, 12:16 pm

ശ്രീനി മനഃപൂര്‍വം എന്നെ അപമാനിക്കാന്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ശ്രീനിവാസന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്. ഉദയനാണ് താരത്തില്‍ ഉദയഭാനുവായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ സരോജ് കുമാര്‍ എന്ന സൂപ്പര്‍സ്റ്റാറായി എത്തിയത് ശ്രീനിവാസന്‍ ആയിരുന്നു. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രമാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍. സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലുമായി പലരും താരതമ്യം ചെയ്തിരുന്നു. 

ശ്രീനിവാസന്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ വേണ്ടിയാണോ സരോജ് കുമാര്‍ ചെയ്തതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍. കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സരോജ് കുമാര്‍ എന്നത് ശ്രീനി എന്നെ മനഃപൂര്‍വം അപമാനിക്കാന്‍ വേണ്ടി ചെയ്ത സിനിമയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ശ്രീനി നീ എന്ത് പണിയാണ് ചെയ്തതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടേ ഇല്ല. എന്നെ ആരും വിളിച്ച് മോഹന്‍ലാലേ അയാള്‍ ഇങ്ങനെ ചെയ്തു, നിങ്ങള്‍ ഫോണ്‍ വിളിച്ച് അയാളെ ചീത്ത പറയൂവെന്ന് പറഞ്ഞിട്ടേയില്ല.

പക്ഷെ എന്നെ സ്‌നേഹിക്കുന്ന പലരും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാകാം. അല്ലാതെ ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോഴോ കണ്ടപ്പോഴോ ഒന്നും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. സംസാരിക്കാന്‍ ഞാന്‍ താത്പര്യപെടുന്നുമില്ല. കാരണം ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് അത് എന്നെ കുറിച്ചുള്ളൊരു സിനിമയല്ല.

എന്നെ കുറിച്ചൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട കാര്യമൊന്നും ശ്രീനിവാസനില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ തന്നെ ഞങ്ങള്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനിയും അവസരം ലഭിക്കുകയാണെങ്കില്‍ ഞാനും ശ്രീനിവാസനും വീണ്ടും ഒന്നിച്ച് സിനിമകള്‍ ചെയ്യും. അതാണ് ഞാന്‍ പറയുന്നത്, നമ്മുടെ പല കാര്യങ്ങളിലും മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Sreenivasan

We use cookies to give you the best possible experience. Learn more