| Friday, 15th December 2023, 8:06 pm

സ്ഫടികം സിനിമയില്‍ ഞാന്‍ മുണ്ടഴിച്ച് പൊലീസുക്കാരനെ തല്ലിയത് കണ്ട് അതുപോലെ ചെയ്താല്‍ ശരിയാകുമോ: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ത്രില്ലര്‍ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച് മലയാളത്തില്‍ വമ്പന്‍ വിജയമായി മാറിയിരുന്ന ചിത്രമായിരുന്നു ഇത്.

മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായിരുന്ന ദൃശ്യം ഇന്ത്യയില്‍ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രം റിലീസായതിന് ശേഷം ദൃശ്യം മോഡല്‍ കൊലപാതകം എന്ന രീതിയില്‍ ഒരുപാട് കേസുകള്‍ പിന്നീട് വന്നിരുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം മോഡലിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ഇതെല്ലാം മീറ്റ്ബിലീഫല്ലേയെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നാല്‍ പൊലീസ് പിടിക്കുമെന്ന് ഉറപ്പാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ സ്ഫടികം സിനിമയില്‍ മുണ്ട് അഴിച്ച് പൊലീസുക്കാരനെ തല്ലുന്നത് കണ്ട് അതുപോലെ ചെയ്താല്‍ പൊലീസുക്കാരെല്ലാം അവരെ തല്ലില്ലേയെന്നും താരം ചോദിച്ചു.

‘ഇതെല്ലാം മീറ്റ്ബിലീഫ് അല്ലേ. കാരണം റിയല്‍ ആയി നടന്നാല്‍ പൊലീസ് പിടിക്കുമെന്ന് ഉറപ്പാണ്. സിനിമയില്‍ ആള്‍ക്കാരെ വിശ്വസിപ്പിച്ചു എന്നുള്ളതാണ് ദൃശ്യത്തിന്റെ കാര്യം.

അതാണ് സിനിമയുടെ ബ്രില്ലിയന്‍സ്. സ്ഫടികം എന്ന സിനിമയില്‍ ഞാന്‍ എന്റെ മുണ്ട് അഴിച്ച് പൊലീസുക്കാരനെ തല്ലുന്നുണ്ട്. അതുകണ്ട് ആള്‍ക്കാര്‍ ചെയ്ത് കഴിഞ്ഞാല്‍ പൊലീസുക്കാരെല്ലാം അവരെ തല്ലില്ലേ.

അങ്ങനെ ആളുകള്‍ ചെയ്തിട്ടുണ്ടാകാം. അപ്പോള്‍ ഇത് ഒരു മീറ്റ്ബിലീഫ് ആണ്. നേര് പോലെയുള്ള സിനിമയില്‍ ഉള്ളത് മീറ്റ്ബിലീഫ് അല്ല. യഥാര്‍ത്ഥത്തിലുള്ള കോടതിയിലെ കാര്യങ്ങള്‍ ബേസ് ചെയ്തിട്ടാണ്. നമുക്ക് സിനിമ കാണുമ്പോള്‍ ഒരിക്കലും കള്ളത്തരമാണെന്ന് തോന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്.


Content Highlight: Mohanlal Talks About Spadikam And Drishyam Modal

We use cookies to give you the best possible experience. Learn more