| Wednesday, 18th December 2024, 10:50 am

എപ്പോഴും അയാള്‍ എന്തെങ്കിലും മാജിക്ക് കാണിക്കും; ആ കോണ്‍ഫിഡന്‍സ് തരാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി സിനിമയില്‍ എത്തുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാളചിത്രമെന്ന പ്രത്യേകതയും ബാറോസിനുണ്ട്. ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സന്തോഷ് ശിവനാണ്. അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

ബറോസിന്റെ ചിത്രീകരണം തനിക്കും സന്തോഷിനും പുതിയ അനുഭവമായിരുന്നെന്നും അതില്‍ സന്തോഷ് വളരെ മികച്ച വര്‍ക്കാണ് ചെയ്തതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. താനും സന്തോഷും എപ്പോഴൊക്കെ ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡോ സ്‌റ്റേറ്റ് അവാര്‍ഡോ കിട്ടാറുണ്ടെന്നും നടന്‍ പറഞ്ഞു.

താനും സന്തോഷ് ശിവനും തമ്മില്‍ കാണുമ്പോഴൊക്കെ അദ്ദേഹം എന്തെങ്കിലും മാജിക്ക് കാണിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ബറോസ് ചെയ്യുമ്പോള്‍ ‘എന്ത് ത്രീ.ഡി. ഒരു പ്രശ്‌നവുമില്ല. നമുക്ക് ഷൂട്ട് ചെയ്യാം’ എന്നാണ് സന്തോഷ് പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു.

ബറോസ് ത്രീ.ഡിയാണ്. നാറ്റീവ് ത്രീ.ഡി എന്നാണ് അതിനെ വിളിക്കുന്നത്. സ്റ്റീരിയോ ലെന്‍സസ് വെച്ചാണ് ഇത് ഷൂട്ട് ചെയ്യുക. അത് ഞങ്ങള്‍ക്ക് ശരിക്കും പുതിയതായിരുന്നു. സന്തോഷിനും എനിക്കും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ പുതുതായി ഓരോന്നും ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ സന്തോഷ് വളരെ മികച്ച വര്‍ക്കാണ് ചെയ്തത്.

ഞാനും സന്തോഷും എപ്പോഴൊക്കെ ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡോ സ്‌റ്റേറ്റ് അവാര്‍ഡോ കിട്ടാറുണ്ട്. ഞങ്ങള്‍ ഒന്നിച്ച ആദ്യ സിനിമ മുതല്‍ക്കേ അങ്ങനെ തന്നെയായിരുന്നു. യോദ്ധാ, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലൊക്കെ അങ്ങനെയായിരുന്നു.

ഞാനും സന്തോഷും തമ്മില്‍ കാണുമ്പോഴൊക്കെ അദ്ദേഹം എന്തെങ്കിലും മാജിക്ക് കാണിക്കും. ബറോസ് ചെയ്യുമ്പോള്‍ സന്തോഷ് എന്നോട് പറഞ്ഞത് ‘എന്ത് ത്രീ.ഡി. ഒരു പ്രശ്‌നവുമില്ല. നമുക്ക് ഷൂട്ട് ചെയ്യാം’ എന്നായിരുന്നു. അങ്ങനെയുള്ള ഒരു കോണ്‍ഫിഡന്‍സ് സന്തോഷിന് മാത്രമേ നല്‍കാന്‍ ആകുകയുള്ളൂ,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Santhosh Sivan And Barroz

We use cookies to give you the best possible experience. Learn more