| Tuesday, 3rd December 2024, 9:31 pm

പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും എന്നെ വേറെയൊരു ലെവലിലേക്ക് കൊണ്ടുപോയ സിനിമയാണത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് രാജാവിന്റെ മകന്‍. അദ്ദേഹത്തിന് പുറമെ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 1986ലായിരുന്നു പുറത്തിറങ്ങിയത്.

ആ വര്‍ഷം ഏറ്റവും സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ സിനിമ കൂടിയായിരുന്നു ഇത്. ‘വിന്‍സന്റ് ഗോമസ്’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ എത്തിയത്.

മലയാളിക്ക് അന്നുവരെ കണ്ടു പരിചയമില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു ‘വിന്‍സെന്റ് ഗോമസ്’. പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും തന്നെ വേറെയൊരു ലെവലിലേക്ക് കൊണ്ടുപോയ സിനിമയാണ് രാജാവിന്റെ മകനെന്ന് പറയുകയാണ് മോഹന്‍ലാല്‍.

‘ഇന്നും ആളുകള്‍ കാണുന്ന സിനിമയാണ് രാജാവിന്റെ മകന്‍. അത്രയും രസകരമായിട്ടായിരുന്നു ആ സിനിമയുടെ സ്‌ക്രിപ്റ്റും സംഭാഷണങ്ങളും ഒരുക്കിയത്. സിനിമയില്‍ വിന്‍സെന്റ് ഗോമസ് ആരാണെന്ന് അറിയിക്കുന്ന ഒരു ഷോട്ടുണ്ട്. ആ സീന്‍ വളരെ പവര്‍ഫുള്ളായി തന്നെയാണ് എഴുതിയത്. അങ്ങനെയൊരു സീനുള്ളത് കൊണ്ടാണ് വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം അപ് ലിഫ്റ്റ് ചെയ്യപ്പെടുന്നത്.

ഇങ്ങനെയുള്ള സീനുകള്‍ ചെയ്തു കഴിയുമ്പോള്‍ തന്നെ അറിയാതെ വിന്‍സെന്റ് ഗോമസ് എന്ന ആള്‍ നമുക്കുള്ളിലേക്ക് വരും. പിന്നെ നമ്മള്‍ കാണുന്ന അതേ ഓര്‍ഡറില്‍ ആയിരിക്കില്ല സിനിമയുടെ ഷൂട്ടിങ് നടക്കുക. ചിലപ്പോള്‍ തൊണ്ണൂറ്റി എട്ടാമത്തെ സീനായിരിക്കാം ആദ്യം ഷൂട്ട് ചെയ്യുന്നത്. പിന്നീട് അതിന്റെ തൊട്ടടുത്ത സീന്‍ എടുക്കുക അതിനും കുറേ ദിവസം കഴിഞ്ഞായിരിക്കും.

ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റ് നേരത്തെ തന്നെ വായിക്കാന്‍ പറ്റിയാല്‍ അത് വളരെ നല്ലതാണ്. എന്നാല്‍ അന്നൊക്കെ സ്‌ക്രിപ്റ്റ് കിട്ടുകയെന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ് എന്നതാണ് സത്യം. കാരണം പലരും സ്‌ക്രിപ്റ്റ് എഴുതാറില്ല. പകരം അവരുടെ മനസിലായിരിക്കും ആ സിനിമ. എന്നാല്‍ സിനിമ എന്താണെന്ന് അവര്‍ക്കറിയാം.

അവര്‍ക്ക് അറിയുന്നതൊക്കെ നമുക്ക് പറഞ്ഞു മനസിലാക്കി തരികയും ചെയ്യും. കുറച്ചുദിവസം കഴിയുമ്പോള്‍ വിന്‍സെന്റ് ഗോമസ് എന്നയാള്‍ എങ്ങനെയായിരിക്കും നടക്കുന്നതെന്നും പെരുമാറുന്നതെന്നും സംസാരിക്കുന്നതെന്നും നമ്മളറിയാതെ നമ്മളുടെ ചിന്തയിലും ബോധത്തിലും വന്നേക്കും. എന്റെ അവസ്ഥ അതാണ്. ഓരോരുത്തര്‍ക്കും ഇത് ഓരോ തരത്തിലായിരിക്കാം.

വിന്‍സെന്റ് ഗോമസിന് തുടക്കവും ഒടുക്കവുമൊക്കെയുണ്ട്. ഏറ്റവും മനോഹരമായിട്ട് അവതരിപ്പിക്കുകയെന്നത് എന്റെ കടമയാണ്. എല്ലാ കാര്യങ്ങളും നന്നാവുമ്പോള്‍ ആ സിനിമയും നന്നാകും. അങ്ങനെ സംഭവിച്ച ഒരു സിനിമയാണ് രാജാവിന്റെ മകന്‍. പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും വേറെ ഒരു ലെവലിലേക്ക് കൊണ്ടുപോയ സിനിമ കൂടിയാണ് അത്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Rajavinte Makan Movie

We use cookies to give you the best possible experience. Learn more