സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍.
2019ലെ ഏറ്റവും വലിയ വിജയമായി മാറാന്‍ ഈ സിനിമക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. എമ്പുരാന്‍ ഒരു ട്രയോളജിയാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. രണ്ടാം ഭാഗത്തിന് പുറമെ മൂന്നാം ഭാഗവും തങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും നടന്‍ പറയുന്നു.
അതെല്ലാം ആദ്യ ഭാഗത്തിന്റെ വിജയത്തിനെ അടിസ്ഥാനമാക്കിയാണെന്നും അതില്‍ സംവിധായകന്റെ റെസ്‌പോണ്‍സിബിളിറ്റി വളരെ വലുതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എമ്പുരാന്‍ ഒരു ട്രയോളജിയാണ്. അത് ആദ്യമേ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. അതിന് ഒരു മൂന്നാം ഭാഗവും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതെല്ലാം ആദ്യ ഭാഗത്തിന്റെ വിജയത്തിനെ അടിസ്ഥാനമാക്കിയാണ്. അതില്‍ സംവിധായകന്റെ റെസ്‌പോണ്‍സിബിളിറ്റി വളരെ വലുതാണ്.
കഥയിലും സ്‌ക്രിപ്റ്റിലും അഭിനേതാക്കളിലും അയാള്‍ കണ്‍വീന്‍സ് ആയാല്‍ മാത്രമാണ് അത് നടക്കുക. പൃഥ്വിരാജിന് നല്ല സിനിമകള്‍ കൊണ്ടുവരാന്‍ സാധിക്കും. അവന്‍ അതിന് വളരെ മികച്ചവനാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
എന്തുകൊണ്ട് ദൃശ്യം സിനിമക്ക് ഒരു മൂന്നാം ഭാഗം ചെയ്തു കൂടെന്ന് പല ആളുകളും ചോദിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അതത്ര എളുപ്പമായ ഒരു കാര്യമല്ലെന്നും വലിയ ഉത്തരവാദിത്തമുള്ള കാര്യമാണെന്നും നടന്‍ പറഞ്ഞു.
വലിയ രീതിയില്‍ വിജയിച്ച ഒരു സിനിമയുടെ സീക്വല്‍ ചെയ്യുന്നത് വളരെ ചാലഞ്ചിങ്ങാണെന്നും ആളുകള്‍ എപ്പോഴും ആ സീക്വലിനെ സിനിമയുടെ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തുമെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mohanlal Talks About Prithviraj Sukumaran And Empuraan Movie