|

ചോദ്യം ചോദിച്ചോളൂ; ഉത്തരം ഞങ്ങളുടെ ഇഷ്ടം പോലെ പറയാം: അവതാരകന് മറുപടിയുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

നേരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആണ് താന്‍ ഇരിക്കുന്നതെന്നും നേരായ ഉത്തരങ്ങള്‍ ഇവര്‍ തരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നും അഭിമുഖത്തിന്റെ തുടക്കത്തില്‍ അവതാരകന്‍ പറഞ്ഞു.

തുടര്‍ന്ന് നേരായ ചോദ്യങ്ങളിലേക്ക് പോകാം അല്ലേയെന്ന് അവതാരകന്‍ മോഹന്‍ലാലിനോട് ചോദിക്കുകയായിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘ചോദ്യം ചോദിച്ചോളൂ. ഉത്തരം ഞങ്ങളുടെ ഇഷ്ടം പോലെ പറയാം. (ചിരി) നേര് എന്ന സിനിമയുടെ ഭാഗമായി അതില്‍ ഇപ്പോള്‍ പറയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. അത് ഇവിടെ പറയാന്‍ പറ്റില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

മോഹന്‍ലാലിനും പ്രിയ മണിക്കും പുറമെ ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഭിമുഖത്തില്‍ സിനിമയെ കുറിച്ചും താരം സംസാരിച്ചു.

‘കഴിഞ്ഞ സിനിമകളുടെ വിജയം കണക്ട് ചെയ്താണല്ലോ പലപ്പോഴും അടുത്ത സിനിമ നോക്കി കാണുന്നത്. കഴിഞ്ഞ സിനിമ പോലെയുള്ള ഒന്നല്ല ഇത് എന്നതാണ് ആദ്യത്തെ കാര്യം.

ദൃശ്യം പോലെത്തെ ഒരു സിനിമയാകും എന്ന് പ്രതീക്ഷിച്ച് വരുന്ന ഒരാള്‍ക്ക് പറ്റിയ സിനിമയല്ല ഇത്. കുറച്ച് കൂടെ റിയലിസ്റ്റിക് ആയിട്ടുള്ളതാണ് ഈ സിനിമ. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്.

പല സിനിമകളിലും കോടതി കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി കോടതിയുടെ സെറ്റ് ഇട്ടതാണ്. സാധാരണ സിനിമയില്‍ കാണുന്ന കോടതികളില്‍ കാണുന്ന നടപടിക്രമങ്ങള്‍ ഒന്നും ശരിയല്ല. പിന്നെ ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് കൂടെയാണ് ഈ സിനിമ,’ മോഹന്‍ലാല്‍ പറയുന്നു.


Content Highlight: Mohanlal Talks About Neru Movie

Video Stories