ഞാന്‍ ആ നടന്റെ വലിയ ഫാന്‍; ഇന്നും അദ്ദേഹത്തിന്റെ സിനിമകളോട് ആരാധന: മോഹന്‍ലാല്‍
Entertainment
ഞാന്‍ ആ നടന്റെ വലിയ ഫാന്‍; ഇന്നും അദ്ദേഹത്തിന്റെ സിനിമകളോട് ആരാധന: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 7:35 pm

മണിരത്‌നം സഹ-രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് 1997ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഇരുവര്‍. എം.ജി.ആര്‍, കരുണാനിധി, ജെ. ജയലളിത എന്നിവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തമിഴ്‌നാട്ടിലെ സിനിമാ-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ്, രേവതി, ഗൗതമി, തബു, നാസര്‍ തുടങ്ങിയ ഒരുക്കൂട്ടം മികച്ച അഭിനേതാക്കളാണ് ഈ സിനിമക്കായി ഒന്നിച്ചത്.

ഇപ്പോള്‍ എം.ജി.ആറിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. താന്‍ എം.ജി.ആറിനെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാനായിരുന്നു എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ സിനിമ തുടങ്ങി അത് കഴിയുന്നത് വരെ എം.ജി.ആറെന്നോ അല്ലെങ്കില്‍ കരുണാനിധിയെന്നോ ജയലളിതയെന്നോ പറഞ്ഞിട്ടില്ല. രണ്ട് കൂട്ടുകാരുടെ കഥ ആയിട്ടാണ് ഇരുവര്‍ എന്ന സിനിമ ചെയ്തത്. പക്ഷെ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് അത് അവരിലേക്കുള്ള കഥയാണെന്ന് മനസിലാകുന്നത്.

പിന്നെ ആ സമയത്ത് അവിടെ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി സിനിമയുടെ സെന്‍സറിനൊക്കെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. അതിനെയൊക്കെ അതിജീവിച്ചാണ് ആ സിനിമ അന്ന് വരുന്നത്. പിന്നെ ആ സിനിമയില്‍ എം.ജി.ആറിന്റെ സിനിമകളിലെ ഒരു മാനറിസങ്ങളും കൊണ്ടുവന്നിട്ടില്ല.

അദ്ദേഹത്തിന് സിനിമകളില്‍ ഒരുപാട് സ്‌റ്റൈലുണ്ടല്ലോ, അതൊന്നും ഈ സിനിമയില്‍ കൊണ്ടുവന്നില്ല. കാരണം അതൊക്കെ ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കിയാല്‍ അദ്ദേഹത്തെ കളിയാക്കുന്നത് പോലെയാകില്ലേ. അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫാണ് ആ സിനിമയില്‍ നമ്മള്‍ കാണിച്ചത്. അത് എനിക്ക് അറിയില്ലല്ലോ.

പക്ഷെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ടായിരുന്നു. എം.ജി.ആറിന്റെ ഫാനായിരുന്നോയെന്ന് ചോദിച്ചാല്‍, ഞാന്‍ അദ്ദേഹത്തിന്റെ ഭയങ്കര ഫാനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ ഫാനാണ് ഞാന്‍.

പിന്നെ ഇരുവര്‍ സിനിമ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഒരു കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫിലെ ഒരുപാട് മാനറിസങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നായിരുന്നു പറഞ്ഞത്. ആ സിനിമ എങ്ങനെ ചെയ്തെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല.

ഇന്ത്യ മുഴുവന്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. എനിക്ക് തോന്നുന്നത് ഇന്ത്യന്‍ സിനിമകളില്‍ ഒരു നൂറ് സിനിമയുടെ ഒരു സിനിമയാണ് അത്. ക്രാഫ്റ്റ് വൈസായി മികച്ചതാണ്. ആ സിനിമയെ കുറിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About MGR And Iruvar Movie