മലയാള സിനിമയില്‍ ആദ്യമായി കാണുന്ന തരത്തിലുള്ള പ്രകടനങ്ങളായിരിക്കും മലൈക്കോട്ടൈ വാലിബനില്‍ കാണാന്‍ പോവുന്നതെന്ന് മോഹന്‍ലാല്‍. കാലമോ ദേശമോ ഇല്ലാത്ത കഥയാണ് വാലിബന്റേതെന്നും സ്പിരിച്വലായും ഫിലോസഫിക്കലായും ചിത്രം കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷയാണുള്ളത്. വളരെ വ്യത്യസ്തമായ സിനിമയാണ് അത്. ഒരു വെസ്റ്റേണ്‍ ഫിലിം എന്ന രീതിയിലാണ് അതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. കാലമോ ദേശമോ ഇല്ലാത്ത കഥയാണ്. അതിലെ മ്യൂസിക്കും കളര്‍ പാറ്റേണുകളും ആക്ഷനും ഒരുപക്ഷേ മലയാള സിനിമയില്‍ ആദ്യമായിട്ട് കാണുന്ന തരത്തിലുള്ള പ്രകടനങ്ങളായിരിക്കും. അതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്.
വലിയൊരു ക്യാന്‍വാസിലാണ് ആ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ അതിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി പ്രേക്ഷകര്‍ പറയട്ടെ.
ഈ സിനിമയെ മാസായി വേണമെങ്കില്‍ കാണാം, സ്പിരിച്വല്‍ ഫിലിമായി കാണാം. അതിലൊരു ഫിലോസഫിയുണ്ട്. വളരെ സീരിയസ് ഫിലിമായി കാണാം. കാഴ്ച്ചക്കാരുടെ മനസിലേക്കാണ് ആ ചോദ്യം എറിഞ്ഞുകൊടുക്കേണ്ടത്,’മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ബറോസിന്റെ റീ റെക്കോഡിങ് നടക്കുകയാണ്. ലോസ് ആഞ്ചലസിലെ പോര്‍ഷന്‍സ് കഴിഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി ബുഡാപെസ്റ്റ് എന്ന സ്ഥലത്താണ് അത് നടക്കുന്നത്. അത് കഴിഞ്ഞാല്‍ ഫൈനല്‍ മിക്‌സിലേക്ക് പോകും. അതിന്റെ സ്‌പെഷ്യല്‍ എഫക്ടുകള്‍ നടക്കുന്നുണ്ട്.
കുറച്ച് ഇന്ത്യയിലും കുറച്ച് തായ്‌ലാന്‍ഡിലുമായാണ് നടക്കുന്നത്. അതിന്റെ ബാക്കി വര്‍ക്കുകളൊക്കെ കഴിഞ്ഞു. ഡിസംബറില്‍ ബറോസ് പ്രതീക്ഷിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ജയിലറാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രം. രജിനികാന്ത് നായകനാവുന്ന ചിത്രത്തില്‍ വിനായകന്‍, തമന്ന, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Mohanlal talks about Malaikottai Valibhan and Barroz