മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്.
ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായൊരു ഴോണര്‍ സിനിമയാണെന്ന് മോഹന്‍ലാല്‍ തന്റെ നേര് സിനിമയുടെ പ്രൊമോഷന്റെ സമയത്ത് തന്നെ പറഞ്ഞിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെയുള്ള ഴോണറില്‍ വരുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
മലൈക്കോട്ടൈ വാലിബനെ പോലെ ഒരു സിനിമയെ സംബന്ധിച്ച് ഈ ഹൈപ്പ് ആവശ്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പറഞ്ഞു. അതേസമയം, ഇരുവരും സിനിമയെ പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
വാര്‍ത്താ സമ്മേളനത്തില്‍ ലിജോയോടോ മോഹന്‍ലാലിനോടോ വാലിബനെ പറ്റി ചോദിച്ചാല്‍ ഒരു കാര്യങ്ങളും തുറന്ന് പറയുന്നില്ലെന്നും എല്ലാം ഒളിച്ചു വെച്ചിരിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു സര്‍പ്രൈസും പുറത്തു വിടുന്നില്ലെന്നും എങ്ങനെ ചോദിച്ചാലും പറയില്ലെന്ന് അറിയാമെന്നും പറഞ്ഞപ്പോള്‍ രഹസ്യം പരസ്യമായിട്ടാണോ ചോദിക്കുന്നത്, അത് പതുക്കെ രഹസ്യമായിട്ട് ചോദിച്ചാല്‍ പറയില്ലേ എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. വാലിബന്‍ എന്ന സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
‘രണ്ടാം ഭാഗം വേണമോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. സിനിമ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ, സെക്കന്‍ഡ് പാര്‍ട്ട് വേണോ വേണ്ടയോ എന്ന്. ഫസ്റ്റ് പാര്‍ട്ട് തന്നെ വേണമായിരുന്നോ എന്നും കൂടെ നിങ്ങള്‍ പറയണം,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About Malaikottai Valiban