| Sunday, 29th December 2024, 1:59 pm

നല്ല നടിയാണ് അവള്‍; തുടക്കത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു; ഇന്ന് ഒരുപാട് മാറി: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗീതാഞ്ജലി. 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഒരു സ്പിന്‍ ഓഫും 2007ല്‍ പുറത്തിറങ്ങിയ തായ് ചിത്രമായ എലോണിന്റെ ഔദ്യോഗിക റീമേക്കുമായിരുന്നു ഇത്.

സൈക്കോളജിസ്റ്റ് ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ആയിരുന്നു അഭിനയിച്ചത്. ചിത്രത്തില്‍ നിഷാന്‍, സിദ്ദിഖ്, മധു, സ്വപ്ന മേനോന്‍, ഇന്നസെന്റ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ചിത്രത്തില്‍ ഗീത, അഞ്ജലി എന്നീ ഇരട്ടവേഷങ്ങളില്‍ എത്തിയത് കീര്‍ത്തി സുരേഷ് ആയിരുന്നു. കീര്‍ത്തി പ്രധാനവേഷത്തില്‍ എത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഗീതാഞ്ജലിക്ക് ഉണ്ടായിരുന്നു. അതിന് മുമ്പ് പൈലറ്റ്‌സ് (2000), അച്ഛനെയാണെനിക്കിഷ്ടം (2001), കുബേരന്‍ (2002) എന്നീ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തി സുരേഷ് അഭിനയിച്ചത്.

ഇപ്പോള്‍ കീര്‍ത്തിയെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. കീര്‍ത്തിയുടെ അച്ഛന്‍ സുരേഷും താനും ഒരുമിച്ച് പഠിച്ചവരാണെന്നും അവള്‍ക്ക് തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ ചെറിയ താത്പര്യ കുറവ് ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരു നല്ല അഭിനേത്രിയായി കീര്‍ത്തിയെ കാണുമ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും ഓരോ സിനിമകളിലൂടെയും കീര്‍ത്തി സ്വന്തം കഴിവുകള്‍ ആളുകള്‍ക്ക് മുന്നിലെത്തിക്കുകയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘കീര്‍ത്തിയുടെ അച്ഛന്‍ സുരേഷും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. അവള്‍ക്ക് തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ ചെറിയ താത്പര്യ കുറവ് ഉണ്ടായിരുന്നു. ഞാനും പ്രിയനും ചേര്‍ന്നാണ് അവളെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഇപ്പോള്‍ ആ കുട്ടി ഒരുപാട് വലുതായി. ഒരുപാട് മാറ്റം സംഭവിച്ചു.

ഒരു നല്ല അഭിനേത്രിയായി അവളെ കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഓരോ സിനിമകളിലൂടെയും കീര്‍ത്തി അവളുടെ ടാലന്റുകള്‍ ആളുകള്‍ക്ക് മുന്നില്‍ എത്തിക്കുകയാണ്. അവള്‍ വളരെ മികച്ച രീതിയിലാണ് അഭിനയിക്കുന്നത്. ഒരു നല്ല നടിയാണ് കീര്‍ത്തി,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Keerthy Suresh

We use cookies to give you the best possible experience. Learn more