സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അദ്ദേഹം തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഇതിന് തിരക്കഥയെഴുതിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന പ്രത്യേകതയും ബാറോസിനുണ്ട്.
അവിചാരിതമായിട്ടാണ് താന്‍ സംവിധായകനായതെന്ന് പറയുകയാണ് മോഹന്‍ലാല്‍. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസ് തന്നെ ബറോസും സംവിധാനം ചെയ്യണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജിജോ തനിക്ക് താത്പര്യമില്ലെന്ന് പറയുകയായിരുന്നെന്നും അതോടെ മറ്റാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി താന്‍ മാറുകയായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു നടന് എപ്പോഴും താന്‍ ചെയ്യുന്ന വേഷം മാത്രം നോക്കിയാല്‍ മതിയാകുമെന്നും ഒരു സംവിധായകന് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ സംവിധാനം ചെയ്ത ജിജോ തന്നെ ബറോസും സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷേ, അദ്ദേഹത്തിന് താത്പര്യമില്ലെന്ന് പറയുകയായിരുന്നു. അതോടെ വേറെയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഞാന്‍ മാറുകയായിരുന്നു.
ഒരു സംവിധായകനാവുമ്പോള്‍ ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണമായിരുന്നു. അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എപ്പോഴും താന്‍ ചെയ്യുന്ന വേഷം മാത്രം നോക്കിയാല്‍ മതിയാകും. പക്ഷേ, ഒരു സംവിധായകന്റെ കാര്യം അങ്ങനെയല്ല. അയാള്‍ക്ക് ഒട്ടേറെ ആളുകള്‍ ചെയ്യുന്ന ഒട്ടേറെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കണ്ടുകൊണ്ട് വേണം തന്റെ സിനിമ ചെയ്യാന്‍,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Jijo Punoos And Barroz Movie